നീയും ഒരമ്മ പെറ്റ മകനല്ലേടാ….അവനെ കൊന്നതെന്തിനെടായെന്ന നിലവിളിയുമായി സംഗീതിന്റെ ഘാതകർക്ക് നേരെ കുടുംബത്തിന്റെ പ്രതിഷേധം. പ്രതികളിൽ ആദ്യം മണ്ണുമാന്തി ഡ്രൈവർ ഷിജിനെയാണ് പൊലീസ് പുറത്തിറക്കിയത്. പിന്നാലെ ഉടമ സ്റ്റാൻലി ജോണിനെ വാനിൽ നിന്നിറക്കി.ഇതോടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും രോഷം അണപൊട്ടി. ശകാര വാക്കുകൾ കൊണ്ട് മൂടി. വീട്ടുകാരുടെ പ്രതിഷേധം ഉയരുന്നതിനിടെ പെട്ടെന്ന് പൊലീസ് വാനിലേക്ക് കയറ്റി.
സംഗീതിനെ ആദ്യം തട്ടി വീഴിത്തിയ ടിപ്പർ ഡ്രൈവർ ലിനോയുടെതായിരുന്നു അടുത്ത ഊഴം. പൊലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ലിനോ, സംഗീത് പൊലീസിനെ വിളിക്കുന്നതിനിടെ ടിപ്പർ റോഡിലേക്കിറക്കി രക്ഷപ്പെട്ടവഴി വിശദീകരിച്ചു.
ടിപ്പർ ഉടമ ഉത്തമനെ കണ്ടതോടെ നാട്ടുകാരും വീട്ടുകാരും കൂടുതൽ പ്രകോപിതരായി. സംഗീതിന്റെ മാതാവും ഭാര്യ മാതാവും ബന്ധുക്കളുമൊക്കെ അലറിവിളിച്ച് ശകാരവാക്കു കളുമായി മുന്നോട്ട് വന്നതോടെ ഉത്തമനും പൊലീസ് വലയത്തിൽ പെട്ടെന്ന് വാനിലേക്ക്.
സംഭവ ദിവസം സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർ, ക്ലീനർ,സഹായി എന്നിവരെ പൊലീസ് വാഹനത്തിൽ നിന്നിറക്കിയെങ്കിലും പ്രതിഷേധം അതിരുവിടുമെന്ന് കണ്ടതോടെ വീടിന്റെ പരിസരത്തേക്ക് കയറ്റാതെ ഇവരുടെ പങ്ക് പൊലീസ് ചോദിച്ചറിഞ്ഞ് ആളുകൂടകയും പ്രകാശം പരക്കുകയും ചെയ്യും മുൻപേ പ്രതികളുമായി പൊലീസ് സ്ഥലം വിട്ടു.
പറക്കമുറ്റാത്ത രണ്ട് മക്കളുമായി ഇനിയെന്തെന്ന ചോദ്യത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സംഗീതിന്റെ ഭാര്യ സംഗീത. ജീവിക്കാൻ വഴിയില്ല. സംഗീതിന്റെ പൗൾട്രി ഫാമിനായെടുത്ത വായ്പ വൻ തുക കടമായുണ്ട്.സ്വന്തമായി കിടപ്പാടമില്ല.മണ്ണുമാന്തിയെടുത്ത തുണ്ട് ഭൂമി വിറ്റാലും കടം തീരില്ല.
മക്കൾക്ക് പുറമേ മാതാവും ഭർതൃ മാതാവുമടങ്ങുന്ന കുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതം തകർന്നു. കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട്് വിലപിക്കുന്ന സംഗീതയ്ക്കും മക്കൾക്കും ജീവിതം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ സർക്കാർ കനിയണം.ജോലിയും സാമ്പത്തിക സഹായവുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
Leave a Reply