നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണെന്ന് പള്‍സര്‍ സുനി തുറന്നു പറഞ്ഞതോടെ ആശ്വസിക്കുന്നത് റിമി ടോമിയും മൈഥിലിയുമാണ്. കേസിലെ മാഡം റിമി ടോമിയാണെന്ന അഭ്യൂഹം ശക്തമായിരുന്നു.

കേസില്‍ റിമിയെ ചോദ്യം ചെയ്തതോടെ ആരോപണങ്ങള്‍ പുതിയ തലത്തിലെത്തി. ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന റിമിക്ക് എതിരെ സാമ്പത്തിക ആരോപണങ്ങളും വാര്‍ത്തയായി. എന്നാല്‍ തനിക്കെതിരെ മുമ്പ് നടന്ന എന്‍ഫോഴ്‌സ് മെന്റ് റെയ്ഡില്‍ ഇപ്പോള്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്ന് റിമി പറഞ്ഞു. പക്ഷേ അതൊന്നും പുകമറ മാറ്റാന്‍ പോന്നതയാരുന്നില്ല. പള്‍സര്‍ പറയാന്‍ പോകുന്ന മാഡം റിമിയാകുമെന്ന അഭ്യൂഹം ശക്തമായി. റിമിക്കൊപ്പം നടി മൈഥിലിയുടേയും കാവ്യയുടെ അമ്മ ശ്യാമളയുടെ പേരും മാഡമായി പാറി നടന്നു. ഒടുവില്‍ അവ്യക്തതകള്‍ മാറുകയാണ്.

ഫെനി ബാലകൃഷ്ണനാണ് മാഡത്തെ ആദ്യം ചര്‍ച്ചയാക്കിയത്. പള്‍സറിന് ജാമ്യം എടുക്കാന്‍ തന്റെ അടുത്തു വന്നെന്നും അന്ന് ഒരു മാഡത്തെ കുറിച്ച് പ്രതികള്‍ സൂചന നല്‍കിയെന്നും ഫെനി അറിയിച്ചത് ദിലീപിനെയായിരുന്നു. പൊലീസ് ആദ്യം ദിലീപിനെ പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിനിടെ ദിലീപ് മാഡത്തെ കുറിച്ച് പറഞ്ഞു. ഇതോടെ മാഡത്തെ തേടിയുള്ള യാത്ര തുടങ്ങി. കാക്കനാട്ടെ ലക്ഷ്യയിലെ റെയ്‌ഡോടെ മാഡം കാവ്യയോ കാവ്യയുടെ അമ്മ ശ്യാമളയോ ആകാമെന്ന പ്രചരണം ശക്തമായി. അതിനിടെയാണ് ട്വിസ്റ്റുമായി റിമി ടോമിയുടെ രംഗ പ്രവേശം. ആക്രമിക്കപ്പെട്ട നടിയുമായി റിമിക്കുള്ള പ്രശ്‌നങ്ങളും ചര്‍ച്ചയായി. സാമ്പത്തിക ഇടപെടലും വാര്‍ത്തകളില്‍ നിറഞ്ഞതോടെ മാഡം റിമിയാണെന്ന സംശയം ബലപ്പെട്ടു. തുടക്കം മുതല്‍ തന്നെ നടി മൈഥിലിയും പലപ്പോഴായി വന്നു പോയി. കൊച്ചിയില്‍ ഫ്‌ലാറ്റിലെ റെയ്ഡായിരുന്നു ഇതിന് കാരണം. മൈഥിലിയുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടന്നെന്ന വാര്‍ത്ത എത്തിയപ്പോള്‍ തന്നെ പ്രതികരണവുമായി മൈഥിലി എത്തി. തനിക്ക് ഈ കേസുമായി ബന്ധമില്ലെന്നും പറഞ്ഞു.

അതുകൊണ്ടു തന്നെ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലോടെ മാഡത്തെ കുറിച്ചുള്ള അഭ്യൂഹവും അവസാനിക്കുകയാണ്. പൊലീസിന് റിമി ടോമിക്കെതിരെയോ മൈഥിലിക്കെതിരെയോ ഒരു തെളിവും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇനി അന്വേഷണം കാവ്യയില്‍ മാത്രമായി ഒതുങ്ങും. കാക്കനാട്ടെ ലക്ഷ്യയുടെ ചുമതല കാവ്യയുടെ അമ്മയ്ക്കായിരുന്നു. അതിനാല്‍ ശ്യാമള ഇനിയും സംശയ നിഴലില്‍ തുടരും. പക്ഷേ പള്‍സറിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ കാവ്യക്ക് മാത്രം എതിരായിരുന്നു.

മാഡം കാവ്യയാണെന്ന് സുനി വെളിപ്പെടുത്തിയതോടെ പൊലീസിന്റെ അടുത്ത നീക്കവും ശ്രദ്ധേയമാണ്. കേസില്‍ രണ്ടിലേറെ തവണ പൊലീസ് കാവ്യയെ ചോദ്യം ചെയ്തു. തനിക്ക് പള്‍സറിനെ പോലും അറിയില്ലെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പൊലീസ് ശാസ്ത്രീയമായി തന്നെ തെളിയിച്ചിട്ടുണ്ട്. ലക്ഷ്യയില്‍ പള്‍സര്‍ എത്തിയതിനും തെളിവുണ്ട്. പള്‍സര്‍ സുനി ദീലീപിനയച്ച ‘ദിലീപേട്ടാ കുടുങ്ങി’ എന്ന ശബ്ദസന്ദേശമാണ് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂഷന്‍ പ്രധാന തെളിവായി ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ആലുവ പൊലീസ് ക്ലബില്‍ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ ഫോണില്‍നിന്നു ദിലീപിനെയും കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലേക്കും സുനി വിളിച്ചെന്നാണു വാദം. അതേ സമയം, ഇതു സുനിയേക്കൊണ്ട് ബോധപൂര്‍വം പൊലീസ് ചെയ്യിച്ചയതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രോസിക്യൂഷന്റെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്. ശബ്ദരേഖയുടെ പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരുന്നു.