നടിയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവ് ദിലീപ് പ്രതിയായതിന്റെ പിന്നാലെ കാവ്യാ മാധവന്റെ ഫെയ്‌സ്ബുക്ക് പേജ് പ്രവര്‍ത്തന രഹിതം. വിവാഹശേഷം ഫെയ്‌സ്ബുക്കില്‍ സജീവമായിരുന്നില്ല കാവ്യ. ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഡി ആക്ടിവേറ്റായത്.

അതേസമയം കേസിലെ ഗൂഢാലോചനയുടെ പേരില്‍ കുടുക്കിലായ ദിലീപിനു പിന്നാലെ കാവ്യ മാധവനും കുടുക്കിലാകുന്നുവെന്നാണ് സൂചന. കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനിയെത്തിയതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സമീപത്തെ കടയില്‍ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കാവ്യയെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.

ലക്ഷ്യയ്ക്ക് സമീപമുള്ള മറ്റൊരു കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. സുനിക്ക് ലക്ഷ്യയില്‍ വെച്ച് പണം കൈമാറുന്ന ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ആരാണ് പണം കൈമാറിയതെന്ന വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. താന്‍ സംഭവ ശേഷം ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലാക്കി നല്‍കിയിരുന്നുവെന്ന് പോലീസിനോട് സുനി ആദ്യം പറഞ്ഞിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യ സ്ഥാപനത്തില്‍ പോലീസ് പരിശോധന നടത്തിയത്. തുടര്‍ന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിലെ നിര്‍ണ്ണായക വഴിത്തിരിവിലേക്ക് നയിച്ചത്.