തൃശൂർ ചീയാരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാക്കിയ വിദ്യാർത്ഥിക്ക് നാട്ടുകാരുടെ ക്രൂര മർദ്ദനം. വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചു. ചീയാരം ഗലീലി ചേതന കോളേജിലെ വിദ്യാർത്ഥി അമലിനാണ് മർദ്ദനമേറ്റത്. കൊടകര സ്വദേശി ഡേവിസ് ആണ് വിദ്യാർത്ഥിയുടെ തലയ്ക്ക് കല്ല് വച്ച് ഇടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു.

ചീയാരം സ്വദേശി അമൽ ബൈക്കിൽ സഹപാഠിക്കൊപ്പം പോകുമ്പോഴാണ് സംഭവം. ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയപ്പോൾ പിറകിലിരുന്ന പെൺകുട്ടി താഴെ വീണു. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലിയെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

നാട്ടുകാരും അമലും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ നാട്ടുകാർ അമലിനെ അടിച്ചു വീഴ്ത്തുകയായിരുന്നു. അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിച്ചു വീഴ്ത്തിയത് കൊടകര സ്വദേശി ഡേവിസാണെന്ന് തിരിച്ചറിഞ്ഞുണ്ട്. അമലും നാട്ടുകാരെ ഇതിനിടെ മർദ്ദിച്ചുവെന്ന് പരാതിയുണ്ട്.

അമലിൻ്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആൻ്റോ എന്നിവർക്കെതിരെ കേസെടുത്തു. അമൽ മർദ്ദിച്ചെന്ന ആൻ്റോയുടെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. അമലും കൂട്ടുകാരും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്നും പരാതിയുണ്ട്.