നടിയെ കൊച്ചിയില്‍ കാറില്‍ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ അമ്മ ശ്യാമളയെ വീണ്ടും ചോദ്യംചെയ്യും.  ഗൂഢാലോചന സംബന്ധിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് ചോദ്യം ചെയ്യുക. കാവ്യയെ ചോദ്യംചെയ്തതിനു പിന്നാലെ അമ്മയുടെ മൊഴിയെടുത്തിരുന്നു. കാവ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ തിരക്കിട്ട് നീക്കം നടത്തുന്നില്ല.മൊഴികള്‍ പരിശോധിച്ചിട്ട് ആവശ്യമെങ്കില്‍ പിന്നീട് വിളിപ്പിക്കും. അല്ലെങ്കില്‍ അടിയന്തരസാഹചര്യമുണ്ടാകണം.

കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാരസ്ഥാപനം കാവ്യാ മാധവന്റെയാണെങ്കിലും ഇതു നടത്തുന്നത് ശ്യാമളയാണ്. പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡ് ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് സുനി പറഞ്ഞിരുന്നു. സുനി ഇവിടെയെത്തിയിരുന്നോ എന്ന് കണ്ടെത്താന്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ സിഡാറ്റിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ വിശദാംശം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു.

ദിലീപും മഞ്ജു വാരിയരുമായി പിരിയുന്നതില്‍ ആക്രമിക്കപ്പെട്ട നടി ഏതെങ്കിലുംതരത്തില്‍ കാരണമായോ എന്ന് പോലീസ് കാവ്യയോട് ചോദിച്ചു. ആദ്യബന്ധം തകര്‍ന്നതും കാവ്യയുമായി പിന്നീട് വിവാഹം കഴിച്ചതുമായ കാര്യങ്ങള്‍ രണ്ടുപേരോടും ചോദിച്ചറിഞ്ഞിട്ടുണ്ട്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് എന്തെങ്കിലും തരത്തില്‍ വിരോധമുണ്ടായിരുന്നോ എന്നും ചോദിച്ചു.

ഈ നടിക്കൊപ്പം ദിലീപും കാവ്യയും വിദേശയാത്രകളില്‍ പങ്കെടുത്തതിനെക്കുറിച്ചും ചോദിച്ചു. ആക്രമിക്കപ്പെട്ട നടി എന്തെങ്കിലും വിവരങ്ങള്‍ മുന്‍ഭാര്യ മഞ്ജുവിനോട് പറഞ്ഞതായി അറിയാമോയെന്നും പോലീസ് ചോദിച്ചു. തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് ശ്യാമള സ്വീകരിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒന്നാം പ്രതി സുനില്‍കുമാര്‍ പറയുന്ന മാഡം കാവ്യാ മാധവന്റെ അമ്മ തന്നെയാണോയെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. നേരത്തെ സുനി നടിയെ കൊണ്ടു പോകുമെന്ന് പറഞ്ഞ തമ്മനത്തെ വില്ല ശ്യാമള മാധവന്റേതാണെന്നും പോലീസ് വ്യക്തമാക്കുന്നു.
അക്രമിച്ച് നടിയുടെ അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ വീഡിയോയുടെ ഒരു കോപ്പി ഇവര്‍ക്ക് കൈമാറി എന്നാണ് സുനില്‍ കുമാറിന്റെ മൊഴി. വീഡിയോയുടെ മൂന്നു കോപ്പികളാണ് ആലപ്പുഴയിലെ സുഹൃത്തിന്റെ ലാപ്‌ടോപ്പ് ഉപയോഗിച്ച് എടുത്തത്. അതില്‍ സുനില്‍കുമാര്‍ സൂക്ഷിച്ചിരുന്നത് പൊലീസിന് ലഭിച്ചുവെന്ന് മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു

ആ വീഡിയോ കണ്ടെത്താന്‍ കൂടിയാണ് കാവ്യയുടെ അമ്മയുടെ മേല്‍നോട്ടത്തിലുള്ള ലക്ഷ്യയില്‍ തെളിവെടുപ്പ് നടത്തിയത്. കാവ്യയുടെ ഉടമസ്ഥതയിലുള്ളതെങ്കിലും ശ്യാമളയാണ് ഭരിച്ചിരുന്നത്. കാവ്യയ്ക്ക് സംഭവങ്ങള്‍ അറിയാമോ എന്ന് വ്യക്തതയില്ല. നാദിര്‍ഷ പറഞ്ഞതനുസരിച്ചാണ് വീഡിയോ ശ്യാമളയെ ഏല്‍പ്പിച്ചതെന്ന് സുനില്‍കുമാര്‍ പൊലീസിനോട് പറയുന്നത്.

സുനില്‍കുമാറിന്റെ മൊഴി ആദ്യഘട്ടത്തില്‍ പൊലീസ് മുഖവിലയ്‌ക്കെടുത്തിരുന്നില്ല. എന്നാല്‍ മൊഴിക്കൊത്തവിധം തെളിവുകള്‍ ലഭിച്ചതോടെയാണ് സുനിലിന്റെ മൊഴിയെ കൂടുതലായി പൊലീസ് വിശ്വാസത്തിലെടുത്തത്.