യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യില്ലെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇതേത്തുടർന്ന്, അറസ്റ്റിന് സാധ്യതയില്ലാത്തിനാൽ മുൻകൂർ ജാമ്യത്തിന്‍റെ ആവശ്യമില്ലെന്ന്കോടതി വ്യക്തമാക്കുകയായിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളേത്തുടർന്ന് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. നാദിർഷ കേസിലെ പ്രതി അല്ലെന്നും അദ്ദേഹത്ത അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിയത്.

അതിനിടെ, പോലീസിനെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പ്രതികൾ പറയുന്നത് കേട്ട് പോലീസ് എടുത്തു ചാടരുതെന്ന് നിർദേശിച്ച കോടതി, കേസ് വഴിതെറ്റിക്കാൻ പ്രതികൾ പലതും പറയുമെന്നും ഇത് പോലീസ് കണക്കിലെടുക്കേണ്ടെന്നും ചൂണ്ടിക്കാട്ടി.