നടി ആക്രമണത്തിനിരയായ കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ പൊലീസ് ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലുള്ള വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണിവരെ നീണ്ടു.

കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കാവ്യാ മാധവനില്‍ നിന്നും ലഭിച്ചതായാണ് വിവരം.ചോദ്യം ചെയ്യലുമായി കാവ്യാ മാധവന്‍ പൂര്‍ണ്ണമായും സഹകരിച്ചതായി പൊലീസ് പറഞ്ഞു. കാവ്യാ മാധവനൊപ്പം അമ്മ ശ്യാമളയും ഉണ്ടായിരുന്നു.കാവ്യാ മാധവനേയും അമ്മയേയും ചോദ്യം ചെയ്യുമെന്ന വിധത്തില്‍ നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പൊലീസ് സംഘമെത്തി കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലുമായി സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു.

ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഇതേത്തുടര്‍ന്നാണ് ആലുവയിലെ വസതിയില്‍ പൊലീസ് എത്തിയത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത്. നടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പ്പിച്ചിരുന്നുവെന്നാണ് പള്‍സര്‍ സുനി പൊലീസിനോട് വെളിപ്പെടുത്തിയത്.