കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ തുക്കം മുതല്‍ അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയ ‘മാഡം’ ആരെന്ന് ഒടുവില്‍ തെളിഞ്ഞു. മാഡം പതിനൊന്നാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണെന്ന് ഒടുവില്‍ മുഖ്യപ്രതി സുനില്‍ കുമാര്‍ വെളിപ്പെടുത്തി.

പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറിന്റെ ഈ വെളിപ്പെടുത്തല്‍ വിശ്വസനീയമാണെന്നാണ് സൂചന. കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനി ക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായാണ് കാവ്യയുടെ പേര് മാധ്യമങ്ങളോട് പള്‍സര്‍ വെളിപ്പെടുത്തുന്നത്.

താൻ കള്ളനല്ലേയെന്നും കള്ളന്റെ കുമ്പസാരം എന്തിനാണു കേൾക്കുന്നതെന്നും സുനി മാധ്യമങ്ങളോടു ചോദിച്ചു. എറണാകുളം സിജെഎം കോടതിയിൽ മറ്റൊരു കേസിൽ‌ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യയ്ക്കെതിരായ ആരോപണം. നടി കാവ്യാ മാധവനെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്ന് കാവ്യ പറയുന്നത് ശരിയല്ലെന്നും നേരത്തെ പൾസർ സുനി പറഞ്ഞിരുന്നു. ഇവരിൽനിന്ന് പലപ്പോഴും താൻ പണം തട്ടിയിട്ടുണ്ട്. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങൾ മാഡത്തിനു അറിയില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം കുന്നംകുളം കോടതിയിൽ ഹാജരാക്കിയപ്പോൾ സുനി പറ‍ഞ്ഞിരുന്നു.

ആരാണ് മാഡം എന്നതിനെപ്പറ്റി ചർച്ചകൾ ചൂടുപിടിച്ച വേളയിലാണ് തന്റെ മാഡം കാവ്യ തന്നെയെന്ന വെളിപ്പെടുത്തലുമായി സുനി രംഗത്തെത്തിയിരിക്കുന്നത്. മാഡത്തിനു മറ്റു കാര്യങ്ങളിൽ പങ്കില്ലെന്നു പറഞ്ഞിരുന്ന പൾസർ സുനി, സിനിമാ രംഗത്തുനിന്നുള്ള ഒരാളാണ് മാഡമെന്നും താൻ പറഞ്ഞത് കെട്ടുകഥയല്ലെന്നും പലവട്ടം ഉറപ്പിച്ചിരുന്നു. ഈമാസം 16ന് മുൻപു കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് സുനി ആദ്യം പറഞ്ഞത്. എന്നാൽ അതൊഴിവാക്കാൻ പൊലീസ് പലപ്പോഴും സുനിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.