ദുരന്തങ്ങളില്‍ എല്ലാം നഷ്ടമായ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുമ്പോഴാണ് മനുഷ്യന്‍ ദൈവത്തിന്റെ ഛായ ഉള്ളവനായി മാറുന്നതെന്ന് കെസിബിസി ചെയര്‍മാന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ബാവ.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ കെസിബിസിയുടെ സഹകരണത്തോടെ മാനന്തവാടി രൂപത നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതിയുടെ ഉല്‍ഘാടനം തോമാട്ടുചാലില്‍ ആദ്യ വീടിന് തറക്കല്ലിട്ട് നിര്‍വഹിക്കുകയായിരുന്നു അദേഹം.
മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്ന യോഗത്തില്‍ കെസിബിസിയുടെ ജസ്റ്റീസ് ഫോര്‍ പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ പുനരധിവാസ പ്രോജക്ട് വിശദീകരിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി.
എംഎല്‍എമാരായ അഡ്വ. ടി. സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, മാനന്തവാടി രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറയ്ക്കല്‍, രൂപത പുനരധിവാസ കമ്മിറ്റി വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, പി.ആര്‍.ഒ സാലു എബ്രാഹം മേച്ചേരില്‍ എന്നിവര്‍ പ്രസംഗിച്ചു.
അമ്പലവയല്‍, മേപ്പാടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകളില്‍ നിന്നുള്ള വൈദികര്‍, സന്യസ്തര്‍, ഉരുല്‍പൊട്ടല്‍ ദുരന്തബാധിതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് മാനന്തവാടി രൂപത തോമ്മാട്ടുചാലില്‍ വാങ്ങിയ ഭൂമിയിലാണ് ആദ്യ വീടിന്റെ ശിലാസ്ഥാപനം നടന്നത്. കെസിബിസി വയനാട്ടിലും വിലങ്ങാടുമായി നൂറ് വീടുകളാണ് നിര്‍മിക്കുന്നത്.
Leave a Reply