ന്യൂസ് ഡെസ്ക്, മലയാളം യുകെ

കെന്റ്: ബ്രിട്ടനിലെ കെന്റിലെ ഫോൾക്‌സ്റ്റോണിലെ ഗ്രാൻഡ് ബർസ്റ്റിൻ ഹോട്ടലിൽ ശനിയാഴ്ച പുലർച്ചെ വൻ തീപിടിത്തം. പുലർച്ചെ ഒന്നിന് ശേഷമാണ് തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. ഹോട്ടലിന്റെ ബേസ്മെന്റിലാണ് തീ ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന 280 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

26 ഫയർ എൻജിനുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്. ശ്വാസോച്ഛ്വാസ ഉപകരണങ്ങൾ ധരിച്ചെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചശേഷം അവശേഷിച്ച തീക്കനലുകളും നിയന്ത്രിച്ചു. ഒഴിപ്പിക്കപ്പെട്ടവർക്കായി ഫോൾക്‌സ്റ്റോൺ ആൻഡ് ഹൈത്ത് ഡിസ്ട്രിക്ട് കൗൺസിൽ ത്രീ ഹിൽസ് സ്പോർട്സ് പാർക്കിൽ ക്ഷേമകേന്ദ്രം ഒരുക്കി. സമീപവാസികളോട് ജനലുകളും വാതിലുകളും അടച്ചിടാനും പ്രദേശത്തേക്ക് പ്രവേശിക്കാതിരിക്കാനും അധികൃതർ നിർദേശിച്ചു.

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും സംഭവം സംശയാസ്പദമായാണ് പൊലീസ് അന്വേഷിക്കുന്നത്. കെന്റ് പൊലീസ് സാക്ഷികളോട് വിവരങ്ങൾ നൽകാനും സംഭവസമയത്തെ ഡാഷ്‌കാം ദൃശ്യങ്ങൾ കൈമാറാനും ആവശ്യപ്പെട്ടു. ഫോൾക്‌സ്റ്റോൺ തുറമുഖത്തിന് അഭിമുഖമായുള്ള ഹോട്ടലിൽ 550 മുറികളുണ്ടെന്നാണ് ഹോട്ടൽ ഉടമകളുടെ വെബ്‌സൈറ്റിലെ വിവരം.