കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെ കൂടുതല്‍ ബംഗാളികള്‍ സംസ്ഥാനം വിടുന്നു. കോഴിക്കോടിനു പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

അതിനിടെ, ബംഗാളികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസത്യപ്രചരണം നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളെ ഭീതിപ്പെടുത്തും വിധം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിവാദമായതോടെയാണ് ഇടപെടല്‍. വാട്‌സാപ്പ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ ശബ്ദ സന്ദേശമായി വ്യാജ പ്രചരണം നടക്കുന്നതായാണ് കണ്ടെത്തല്‍. ഗൂഢലക്ഷ്യത്തോടെയുള്ള ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാള്‍ കേന്ദ്രീകരിച്ച് കേരളത്തിനെതിരെ നടക്കുന്ന വിദ്വേന്മ·ഷ പ്രചാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് സൗത്ത് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതിനിടെ ബംഗാള്‍ സ്വദേശികളുടെ നേതൃത്വത്തില്‍ കേരളം സുരക്ഷിതമാണെന്ന പ്രചാരണവും സമൂഹമാധ്യമങ്ങളില്‍ ശക്തമാണ്. ഹോട്ടലുകളില്‍ പണിയെടുക്കുന്ന ബംഗാള്‍ സ്വദേശികള്‍ തന്നെയാണ് പ്രചാരണത്തിനും നേതൃത്വം നല്‍കുന്നത്. അക്രമണത്തിനിരയാകുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഇപ്പോഴും കേരളത്തില്‍ ജോലി ചെയ്യുന്നുവെന്നുമാണ് സന്ദേശങ്ങളില്‍ ഉള്ളത്. ഹോട്ടല്‍ ഉടമകളുടെ പിന്തുണയോടെയാണ് പ്രചാരണം നടത്തുന്നത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാണു പൊലീസ് ശ്രമിക്കുന്നത്. പശ്ചിമ ബംഗാളില്‍ ജോലി ചെയ്യുന്ന മുന്‍ കോഴിക്കോട് കലക്ടറുടെ സഹായത്തോടെ ബംഗാള്‍ സര്‍ക്കാരിനെ വിഷയത്തില്‍ ഇടപെടീക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്.