പത്താംവയസ്സിൽ നൃത്തപഠനത്തിൽനിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ബലിയെന്ന നാടകത്തിലൂടെയാണ് മഹേശ്വരി കെ.പി.എ.സി.യിലെത്തിയത്. കെ.പി.എ.സിയിൽ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നതും. 1969ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകുടുംബത്തിൽ തുടങ്ങി ഇന്നോളം കെ.പി.എ.സി ലളിത എന്ന അഭിനേത്രി അടയാളപ്പെട്ടത് കാമ്പുള്ള കഥാപാത്രങ്ങളിലൂടെയാണ്.സ്വയംവരവും കൊടിയേറ്റവും അനുഭവങ്ങൾ പാളിച്ചകളുമൊക്കെയാണ് ആ രീതിയിൽ ആദ്യകാലത്ത് ലളിതയെ ശ്രദ്ധേയയാക്കിയതും.

ഷീലയും ശാരദയും അവിഭാജ്യമായ സിനിമാകാലഘട്ടം ഭാവിയിലേക്ക് സഞ്ചരിച്ചപ്പോഴും നായിക കഥാപാത്രങ്ങൾ കെവലം അരികുവൽകരിക്കപ്പെട്ടയിടത്താണ് ലളിതസുന്ദരമായ ആഖ്യാനത്തിലൂടെ കെ.പി.എ.സി ലളിത മലയാള മുഖ്യധാര സിനിമയിൽ ശ്രദ്ധ നേടിയത്. 78ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്തു.സത്യൻ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും സിദ്ദിഖ് ലാൽ സിനിമകളിലൂടെയെല്ലാം സജീവമായി നിന്നപ്പോഴും കെ.പി.എ.സി ലളിതയിലെ അഭിനേത്രിയെ പൂർണമായി കണ്ടെടുത്തത് ഭർത്താവും സംവിധായകനുമായ ഭരതന്റെ സിനിമകളായിരുന്നു.

അമരവും വെങ്കലവും കേളിയും ചുരവും തുടങ്ങി നാം കണ്ടാസ്വദിച്ച എത്രയെത്ര സിനിമകൾ. അമരത്തിൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കെ.പി.എ.സി ലളിതയ്ക്ക് ലഭിച്ചു. നീലപൊന്മാൻ, ആരവം,കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം സിനിമകൾ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരവും ജയരാജിന്റെ ശാന്തം ഒരിക്കൽകൂടി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും കെ.പി.എ.സി ലളിതയിലേക്ക് എത്തിച്ചു. നായികമാർ വെറുതെ വന്നുപോയിരുന്ന കാലത്തും നായകന്റെയോ മറ്റ് കഥാപാത്രങ്ങളുടെയോ നിഴൽവീഴാതെ കെ.പി.എ.സി ലളിത അഭിനയിച്ചുജീവിപ്പിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. അഞ്ഞൂറിലധികം സിനിമകളുടെ ഭാഗമായ അഞ്ച് പതിറ്റാണ്ട് കാലം മലയാളി പ്രേക്ഷകർക്ക് മുന്നിൽ കെ.പി.എ.സി ലളിതയില്ലാത്ത സിനിമകളായിരുന്നു അപൂർവം.

പ്രായഭേദമന്യേ കെ.പി.എ.സി ലളിതയുടെ നടനവൈഭവം ആസ്വദിച്ചവരാണ് മലയാളികള്‍. വര്‍ഷങ്ങള്‍ നീണ്ട നടനസപര്യയില്‍ ചിരിച്ചും കരയിച്ചും അവര്‍ വെള്ളിത്തിരയില്‍ ബാക്കിയാക്കുന്നത് മറക്കാനാകാത്ത കഥാപാത്രങ്ങളാണ്

ഏഴാം ക്ലാസുകാരി മഹേശ്വരി കലാമണ്ഡലം രാമചന്ദ്രന്റെ ഇന്ത്യൻ ഡാൻസ് അക്കാദമിയിൽ നൃത്തപഠനത്തിനായി ചേരാന്‍ തീരുമാനിച്ച നിമിഷത്തോട് മലയാളി എത്രമേല്‍ കടപ്പെട്ടിരിക്കുന്നു എന്നതിന് അന്‍പതാണ്ടിന്റെ വേഷപ്പകര്‍ച്ചയാണ് സാക്ഷി. ചങ്ങനാശേരി ഗീഥാ ആർട്സ് ക്ലബിന്റെ ബലി എന്ന നാടകത്തിലൂടെ നാടകരംഗത്ത് അരങ്ങേറ്റം. ഗീഥയിലും എസ്എൽ പുരം സദാനന്ദന്റെ പ്രതിഭാ ആർട്സ് ട്രൂപ്പിലും പ്രവർത്തിച്ച ശേഷം, പേരിനൊപ്പം പ്രശസ്തിയിലേക്ക് എഴുതപ്പെട്ട കെപിഎസിയിലെത്തി. ആദ്യകാലത്ത് ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളിൽ പാടി . പാട്ടിനൊപ്പിച്ച് മുഖത്ത് മിന്നിമാഞ്ഞിരുന്ന അഭിനയത്തിന്റെ രസഭാവങ്ങള്‍ ശ്രദ്ധയില്‍ പെട്ട തോപ്പില്‍ ഭാസി അഭിനയത്തിന്റെ വാതില്‍ തുറന്ന് മഹേശ്വരിയെന്ന പേരും മാറ്റി അവരെ കൈപിടിച്ചുകയറ്റി. എണ്ണം പറഞ്ഞ നാടകത്തട്ടകങ്ങള്‍ സമ്മാനിച്ച കെപി എസിയെ പേരിനൊപ്പം ചേര്‍ത്ത് പുതിയൊരു താരോദയം അങ്ങനെ പിറവിയായി.

ഉദയായുടെ സിനിമയിലൂടെ അരങ്ങേറ്റം. കൂട്ടുകുടുംബം എന്ന നാടകത്തിലെ അതേ കഥാപാത്രം തന്നെ വെള്ളിത്തിരയിലും. കെ എസ് സേതുമാധവന്‍, തോപ്പില്‍ ഭാസി, കുഞ്ചാക്കോ എന്നിവരിലൂടെ പിച്ചനടന്ന ലളിതയിലെ നടി ഒരു ചെറിയ ഇടവേളയെടുത്ത് തിരികെയെത്തുമ്പോള്‍ വേറിട്ടൊരു ചമയഭാഷയ്ക്ക് പാകപ്പെട്ടിരുന്നു. അഭിനയ പടവുകളിലേക്ക് അതിവേഗമോടിക്കയറാന്‍ തിരയൊരുക്കിയത് വിന്‍സെന്റും അടൂരും ഭരതനും സത്യന്‍ അന്തിക്കാടുമൊക്കെയായിരുന്നു.

1978 ൽ ഭരതനെ വിവാഹം കഴിച്ച് ലളിത എങ്കPക്കാടിന്റെ മരുമകളായി. വെള്ളിത്തിരയില്‍ പിന്നെക്കണ്ട നടനവിലാസമത്രയും ഭരതനും ലളിതക്കും വീട്ടുകാര്യം കൂടിയായിരുന്നു. പാലിശ്ശേരി ത്തറവാടിന്റെ വീട്ടുമുറ്റത്തും സുബ്രമണ്യക്കോവിലിന്റെ ഒതുക്കുകല്ലിലുമിരുന്ന് അമരവും കേളിയും വെങ്കലവും പാകപ്പെടുമ്പോള്‍ വീടിന്റെ അകത്തളത്തില്‍ നിന്ന് ലളിതയത് നോക്കിക്കണ്ടു. സന്തോഷത്തിന്റെ അളവ് കോലിനെപ്പറ്റി എത്രകാലം മലയാളി തത്വം പറയുന്നോ അക്കാലമത്രയും ലളിതച്ചേച്ചിയുടെ ഡയലോഗ് മുന്നില്‍ നില്‍ക്കും. സ്വതസിദ്ധമായിരുന്നു ആ ന‌ടനവൈഭവം. വര്‍ത്തമാനത്തിലും നടത്തത്തിലും ഒക്കെ തെളിഞ്ഞ് കണ്ടിരുന്ന തനി നാടന്‍ ലളിത സിനിമയിലും അതാവര്‍ത്തിച്ചു. ലല്ലു എന്നും ലല്‍സെന്നും ഒാമനപ്പേരിട്ട് സഹപ്രവര്‍ത്തകര്‍ അവരെ ചേര്‍ത്തുനിര്‍ത്തി. തിലകന്‍, നെടുമുടി, ഇന്നസെന്റ്, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജനാര്‍ദനന്‍ തുടങ്ങിയവര്‍ക്കൊപ്പം ചേരുമ്പോള്‍ വെള്ളിത്തിരയില്‍ നമ്മളാസ്വദിച്ചത് പകരം വെക്കാനില്ലാത്ത പ്രകടനമികവായിരുന്നു. സംവിധാനം സത്യന്‍ അന്തിക്കാട് എന്ന് കണ്ടാല്‍ ലളിത എന്ന പേര് എഴുക്കാണിക്കാതിരിക്കില്ല എന്നത് മലയാളിയുടെ ബോധ്യമായിരുന്നു.

ജീവിതത്തലെ പടവില്‍ പലവട്ടം ഇടറിവീണപ്പോഴും കണ്ണീരില്‍ക്കുതിര്‍ന്ന ചിരിയായിരുന്നു ലളിത. ഗുരുവായും പ്രാണപ്രിയനായും കൈപിടിച്ച ഭരതന്റെ വിയോഗശേഷം നയിച്ചുതീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളിലൊക്കെയും ലളിതയെന്ന വൈഭവിയെക്കണ്ടത് ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാത്രമാവാം. ആശ്വസിപ്പിക്കാന്‍ ചെല്ലുമ്പോഴൊക്കെ നീയിവിടെ അടുത്തിരുന്നാമതി എന്ന് പറഞ്ഞുകേട്ടത് അവര്‍ക്ക് മറക്കാനുമാവില്ല. ചേര്‍ച്ചയില്ലാത്ത പദവികളാണോ എന്ന് സംശയിച്ച കൂട്ടരോടൊക്കെയും ലളിതച്ചേച്ചിക്ക് ഒരേ ഉത്തരമായിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് വടക്കാഞ്ചേരിയില്‍ നടക്കും. തൃപ്പൂണിത്തുറയിലെ സ്കൈ ലൈന്‍ ഫ്ലാറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് എട്ടുവരെ പൊതു ദര്‍ശനം. തുടര്‍ന്ന് തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തില്‍ പതിനൊന്നര വരെ പൊതുദര്‍ശനം ഉണ്ടാകും. തൃശൂരിലെ പൊതുദര്‍ശനത്തിന് ശേഷം വൈകിട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ഇന്നലെ രാത്രിയിലാണ് അന്തരിച്ചത്. അസുഖംമൂലം ചികില്‍സയിലിരിക്കെയാണ് അന്ത്യം. നടന്‍ മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, മ​ഞ്ചു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഇനി ലളിച്ചേച്ചിയില്ല എന്നത് സിനിമലോകത്തിന് മാത്രമല്ല അവരെ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ കണ്ട കളറില്‍ കണ്ട ഒാരോ കാലഭേദത്തിനും ഉള്‍ക്കൊള്ളാനാവില്ല. ഇനി ഒാര്‍മയെന്ന എങ്കക്കാട്ടെ സ്വപ്നക്കൂട്ടില്‍ നരസിംഹമൂര്‍ത്തിയമ്പലത്തിന് മുഖം കൊടുത്ത് കുറേ ഒാര്‍മകള്‍ മാത്രം.