ബിജെപിയ്ക്ക് സംസ്ഥാന പ്രസിഡന്റ് ഇല്ലാതായിട്ട് മൂന്ന് മാസമാകാറായി. ശ്രീധരന്‍ പിള്ളയെ മിസ്സോറാം ഗവര്‍ണറായി നിശ്ചയിച്ച ഉടന്‍ തന്നെ സംസ്ഥാന അധ്യക്ഷനെ നിയമിക്കുമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍ പ്രസിഡന്റിനെ കണ്ടെത്താനുളള എല്ലാ നീക്കങ്ങളും ഗ്രൂപ്പ് തര്‍ക്കത്തില്‍ തട്ടി തകരുകയായിരുന്നു. അമിത് ഷാ 15 ന് കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രസിഡന്റിനെ കണ്ടെത്താനുള്ള യോഗം ഇന്ന് കൊച്ചിയില്‍ നടക്കും

ബിജെപി സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരുങ്ങുന്നത്. ബി.ജെ.പിയിലെ മുരളീധര –കൃഷ്ണദാസ് പക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുവര്‍ക്കും പുറമെ മറ്റൊരുസംസ്ഥാന നേതാവ് എ.എന്‍. രാധാകൃഷ്ണനും രംഗത്തിറങ്ങിയേക്കും. സംസ്ഥാന നേതാക്കളുമായി കൂടിയാലോചനകള്‍ക്കായാണ് ദേശീയ വക്താവ് ജി.എല്‍.വി നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും കൊച്ചിയിലെത്തുന്നത്.

ബിജെപിയില്‍ രണ്ട് പക്ഷങ്ങള്‍ തമ്മിലടിച്ചതാണ്, കുമ്മനം മാറിയപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് സഹായകരമായത്. അന്ന് പരസ്പരം തര്‍ക്കിച്ചുനിന്നവരാണ് ഇപ്പോഴും കളത്തിലുള്ളത്. വി മുരളിധരന്‍, പി കെ കൃഷ്ണദാസ് പക്ഷം തങ്ങളുടെ നോമിനികളെ പ്രസിഡന്റാക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിട്ടില്ല. പി കെ കൃഷ്ണദാസ് പക്ഷം എം ടി രമേശിനെ പ്രസിഡന്റാക്കണമെന്ന് വാശിപിടിക്കുമ്പോള്‍ കെ സുരേന്ദ്രന് വേണ്ടിയാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പക്ഷം നിലയുറപ്പിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍ തുടങ്ങിയ പ്രമുഖനേതാക്കളുമായി ഇവര്‍ ചര്‍ച്ചനടത്തും. ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യവും ആരായും. തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്ന് ജില്ലകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന വക്താവ് വി.വി. രാജേഷും മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും തമ്മിലായിരുന്നു മല്‍സരം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജില്ലാ സമിതിയിലെ 151 അംഗങ്ങള്‍ വോട്ടിങില്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി എച്ച്. രാജ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജില്ലാ അധ്യക്ഷനാകണമെന്നില്ല. ആര്‍.എസ്.എസിന്റെ താല്‍പര്യവും സാമുദായിക ഘടകങ്ങളുമൊക്കെ കണക്കിലെടുത്താകും പ്രഖ്യാപനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഈ മാസം ഒന്‍പതിനാണ്. നൂറ്റിനാല്‍പത്ത് നിയോജമണ്ഡലങ്ങളില്‍ നൂറ്റിയിരുപതുമണ്ഡലങ്ങളിലും ഭാരവാഹികളായി. സമവായത്തിനാണ് കേന്ദ്രനേതാക്കള്‍ ശ്രമിക്കുന്നത്.

പൗരത്വ നിയമഭേദഗതിക്കെതിരായ നീക്കങ്ങളെ നേരിടുന്നതിനുള്ള പദ്ധതികളാണ് ഇന്നത്തെ യോഗത്തിന്റെ മറ്റൊരു പ്രധാന വിഷയം.മലബാറില്‍ അമിത് ഷായുടെ പൊതുയോഗം ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.  എം ടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവര്‍ ഗ്രൂപ്പിന്റെ ഭാഗമായി രംഗത്തെത്തുമ്പോള്‍, അങ്ങനെയല്ലാതെ ശോഭാ സുരേന്ദ്രനും പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ കുമ്മനം രാജശേഖരനെ വീണ്ടും പ്രസിഡന്റാക്കണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. വട്ടീയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആര്‍എസ്എസ് നിര്‍ദ്ദേശം ബിജെപി നേതൃത്വം അംഗീകരിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു

സംസ്ഥാന അധ്യക്ഷനുപുറമെ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ബിജെപിയില്‍ ശക്തമായ തര്‍ക്കം ഉണ്ടെന്നാണ് സൂചന. തിരുവനന്തപുരത്ത് വി വി രാകേഷിനെ ജില്ലാ പ്രസിഡന്റാക്കണമെന്നാണ് മുരളീധര പക്ഷത്തിന്റെ ആവശ്യം. അടുത്ത ഒക്ടോബറില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടി ഭാരവാഹികളുടെ നിയമനം വൈകുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന നേതാക്കള്‍ക്കിടയില്‍തന്നെ അഭിപ്രായമുണ്ട്.

ഇന്ന് സംസ്ഥാനത്തെത്തുന്ന കേന്ദ്ര പ്രതിനിധികള്‍ സംസ്ഥാനത്തെ നേതാക്കളുമായി ഒറ്റയ്‌ക്കൊറ്റക്ക് ചര്‍ച്ച നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കി അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.