മൂന്ന് നായകന്മാർ….! ഐഎസ്എല്ലിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരം വെള്ളിയാഴ്ച…..

മൂന്ന് നായകന്മാർ….! ഐഎസ്എല്ലിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്; ആദ്യ മത്സരം വെള്ളിയാഴ്ച…..
November 19 03:00 2020 Print This Article

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി ടീം ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മൂന്ന് നായകൻമാരെയാണ് ബ്ലാസ്റ്റേഴ്സ് ഇത്തവണ പ്രഖ്യാപിച്ചത്. സ്പാനിഷ് താരമായ സെര്‍ജിയോ സിഡോന്‍ജ, സിംബാബ്വെ താരം കോസ്റ്റ നമോയിന്‍സു, ഇന്ത്യന്‍ താരം ജെസ്സെല്‍ കാര്‍നെയ്‌റോ എന്നിവരാണ് ഇത്തവണത്തെ നായകൻമാർ എന്ന് ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.

വെള്ളിയാഴ്ചയാണ് ഐഎസ്എൽ മത്സരങ്ങൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. സന്ദേശ് ജിംഗനേയും ബര്‍ത്തലോമ്യു ഒഗ്‌ബെച്ചയേയും ബ്ലാസ്റ്റേഴ്സ് വിട്ട ശേഷമുള്ള ആദ്യ സീസണാണിത്. പുതിയ പരിശീലകന്‍ കിബുവിന്റെ കീഴിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഇത്തവണ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മുന്നേറ്റ നിരയിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ഗാരി ഹൂപ്പറുടെ സാന്നിദ്ധ്യം ടീമിന് വലിയ ആത്മവിശ്വാസം പകരുന്നു. ഓസ്ട്രേലിയൻ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഗ്യാരി ഹൂപ്പറെത്തുമ്പോൾ ക്ലബ്ബിന്റെ പ്രതീക്ഷകൾ വാനോളമാണ്. തന്റെ കരിയറിലുടനീളം മിന്നും പ്രകടനവുമായി തിളങ്ങിയ ഹൂപ്പറിനെ മുന്നിൽ നിർത്തി തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്രമണത്തിന് മൂർച്ച കൂട്ടുന്നത്. പ്രീമിയർ ലീഗിലും സ്കോട്ടിഷ് ലീഗിലുമടക്കം കളിച്ച് അനുഭവ സമ്പത്ത് തന്നെയാണ് താരത്തിന്റെ കൈമുതൽ.

ഗാരിയുടെ പങ്കാളിയാകാൻ സാധിക്കുന്ന രണ്ട് വിദേശ താരങ്ങളാണ് ടീമിലുള്ളത്. ഏഷ്യൻ കോട്ട തികച്ച് എത്തിയ ഓസ്ട്രേലിയൻ താരം ജോർദാൻ മുറെയും അർജന്റീനിയൻ സ്ട്രൈക്കർ ഫകുണ്ടോ പെരേരയും. മുറേ കിബുവിന്റെ തന്ത്രങ്ങളിലെ പകരക്കാരനായി എത്താനാണ് സാധ്യത കൂടുതൽ.

ഇന്ത്യൻ താരങ്ങളായ നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റത്തിലെ ബ്ലാസ്റ്റേഴ്സിന്റെ ബാക്ക്അപ്പ് ഓപ്ഷനുകൾ.

ബർക്കിനോക്കാരൻ ബക്കറി കോനെയും സിംബവെയിൽ നിന്നുള്ള കോസ്റ്റ നമോയിൻസുവും പ്രതിരോധ നിരയിൽ മുതൽക്കൂട്ടാവും. ഫ്രഞ്ച് ലീഗിൽ ഒളിംപിക് ലിയോണിനുവേണ്ടി 89 മത്സരങ്ങൾ കളിച്ച ബക്കറി കോനെ അവരുടെ വിശ്വസ്തനായ പ്രതിരോധ നിര താരമായിരുന്നു. കോസ്റ്റയാകട്ടെ ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിലൂടെ ലോകശ്രദ്ധ നേടിയ താരവും. ചാംപ്യൻസ് ലീഗിലടക്കം കളിച്ച് പരിചയമുള്ള കോസ്റ്റ ബ്ലാസ്റ്റേഴ്സിലെ അഗ്രസീവ് പ്ലെയറുടെ ഒഴിവുകൂടി നികത്തും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles