തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ട ബജറ്റ് അവതരണം ഏറ്റവും നീളമേറിയ ബജറ്റ് പ്രസംഗം കൂടിയായി മാറി. ചോര്‍ന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചിരുന്നു. ബജറ്റ് പ്രസംഗം ആരംഭിക്കുന്നവതിനു മുമ്പുതന്നെ പ്രതിപക്ഷം കണക്കുകള്‍ പുറത്തു വിട്ടു. ഭരണപക്ഷ അംഗങ്ങള്‍ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയ ശേഷമായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. റബറിനും തേങ്ങയ്ക്കും വിലസ്ഥിരത ഉറപ്പാക്കാനായി വിഹിതം അനുവദിച്ച ബജറ്റില്‍ റബറിനു മാത്രം 500 കോടി രൂപയാണ് നീക്കി വച്ചത്. റോഡ് വികസനത്തിനു പാലങ്ങളുടെ നിര്‍മാണത്തിനുമായി 1206 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷേമപദ്ധതികള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന വിമര്‍ശനവും ബജറ്റില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ചുവടു പിടിച്ചാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. അടുത്ത വര്‍ഷം ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 25 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നോളജ് സിറ്റി, വനിതാ സംരംഭകര്‍ക്കായി നിക്ഷേപക സോണുകള്‍, സൈബര്‍ പാര്‍ക്കിന് 25.6 കോടി രൂപ, ഓരോ വീട്ടിലും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വിദ്യാഭ്യാസ വായ്പ കുടിശിക തിരിച്ചടവിനായി 200 കോടി അനുവദിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് 12.9 കോടി, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം മെച്ചപ്പെടുത്താനായി 5.3 കോടി എന്നിവയും അനുവദിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന പത്തുകോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുവാന്‍ 12 കോടി രൂപ. എറണാകുളം മഹാരാജാസ് കോളെജ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ കോളെജാക്കുവാന്‍ മൂന്നുകോടി രൂപ
ആരോഗ്യമേഖലയ്ക്കായി 1013.11 കോടി രൂപ അനുവദിച്ചു. മെറ്റേണിറ്റി യൂണിറ്റുകള്‍ നിലവില്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികള്‍ക്കായി അതിന്റെ നിര്‍മാണത്തിനായി 16 കോടി, കൊച്ചി ബിനാലെക്ക് 7.5 കോടി രൂപ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി രൂപ, പരിയാരം മെഡിക്കല്‍ കോളെജിന് 100 കോടി വകയിരുത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ക്കായി 33 കോടി, ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടി എന്നിവയും അനുവദിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ വകയിരുത്തി. ക്യാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ, തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. വാര്‍ധക്യ പെന്‍ഷന്‍ 1000ല്‍ നിന്നും 1500 ആക്കി ഉയര്‍ത്തി. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങും. ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടിയും ബജറ്റില്‍ വകയിരുത്തി.
ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ഉടന്‍ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. ധനക്കമ്മിയും, റവന്യൂകമ്മിയും ഉള്‍പ്പെടെയുളള വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ പലതും ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച കണക്കുകളുമായി സാമ്യമുളളതാണ്
പ്രതിപക്ഷം പുറത്തുവിട്ട കണക്കുകള്‍
ധനക്കമ്മി 19971 കോടി രൂപ
റവന്യുകമ്മി 9897 കോടി രൂപ
പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിരൂപ
23583 കോടി രൂപ
റവന്യുചെലവ് 99990 കോടി രൂപ