കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ ജില്ലയിലെ യുഡിഎഫില്‍ കടുത്ത പ്രതിസന്ധി. ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ആരെ പിന്തുണയ്ക്കും എന്നതാണ് നിര്‍ണായകം.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ 22 അംഗങ്ങളാണ് ആകെയുള്ളത്. കോണ്‍ഗ്രസിന് എട്ട്, കേരളാ കോണ്‍ഗ്രസിന് ആറ്, എല്‍ഡിഎഫിന് ഏഴ്, ജനപക്ഷത്തിന് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ സണ്ണി പാമ്പാടി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസിനാണ് അടുത്ത അവസരം. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് സെബാസ്റ്റ്യൻ കുളത്തിങ്കലിനെ പ്രസിഡന്‍റാക്കാൻ തീരുമാനിച്ചു. ജോസ് കെ മാണി വിഭാഗം അതിനുള്ള വിപ്പും നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍, ചെയര്‍മാൻ തെരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ജോസ് കെ മാണിക്ക് വിപ്പ് നല്‍കാൻ അവകാശമില്ലെന്ന് കാണിച്ച് ജോസഫ് രംഗത്തെത്തി. അജിത് മുതിരമലയാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോസഫും വിപ്പ് നല്‍കി. ഇന്നലെ അര്‍ദ്ധരാത്രി കൗണ്‍സിലര്‍മാരുടെ വീടുകളില്‍ വിപ്പ് പതിപ്പിക്കുകയായിരുന്നു. ആറ് പേരില്‍ രണ്ട് പേര്‍ തന്നോടൊപ്പമുണ്ടെന്നാണ് ജോസഫിന്‍റെ അവകാശവാദം. ഉമ്മൻചാണ്ടി ഉള്‍പ്പടെയുള്ളവര്‍ അനുനയ നീക്കങ്ങള്‍ നടത്തിയിട്ടും ഇരുകൂട്ടരും വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല.

തര്‍ക്കം തുടര്‍ന്നാല്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിജയിപ്പിക്കാനാണ് എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് നീക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസില്‍ എതെങ്കിലുമൊന്നിന് ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫ് പിന്തുണ നല്‍കിയാല്‍ അട്ടിമറി നടക്കും. കേരളാ കോണ്‍ഗ്രസില്‍ ജോസഫിനാണോ ജോസ് കെ മാണിക്കാണോ വിപ്പ് നല്‍കാനുള്ള അവകാശമെന്നത് കോടതി കയറും. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാടും നിര്‍ണ്ണായകം. പാര്‍ട്ടി പിടിക്കാനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമാണ് വിപ്പിലുള്ള തര്‍ക്കം. പിളര്‍പ്പിന് ശേഷം ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് കേരളാ കോണ്‍ഗ്രസ് നേരിടുന്നത്. ഇതില്‍ ആര്‍ക്കാണ് വിജയമെന്നത് പാല ഉപതെരഞ്ഞെടുപ്പിലടക്കം പ്രതിഫലിക്കും.