കേരള കോണ്ഗ്രസ്-എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു നേടിയ സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പട്ട് ജോസ് കെ. മാണി എംപി കട്ടപ്പന സബ് കോടതിയിൽ നൽകിയ അപ്പീലിൽ വാദം പൂർത്തിയായി. 27ന് കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വർഗീസ് വിധി പറയും. കേരള കോണ്ഗ്രസ് ചെയർമാനായിരുന്ന കെ.എം. മാണിയുടെ മരണത്തിനു പിന്നാലെയാണ് ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്. ഇതിനെതിരേ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്നു സ്റ്റേ നേടി.
പാർട്ടി ചെയർമാനായുള്ള ജോസ് കെ. മാണിയുടെ ചുമതല തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനെതിരേയാണ് ജോസ് കെ. മാണി എം.പി, കെ.ഐ. ആന്റണി എന്നിവർ കട്ടപ്പന കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച സബ് ജഡ്ജ് ഇന്നലെ വാദം കേട്ടു. തുടർന്ന് വിധി പറയുന്നത് 27-ലേക്കു മാറ്റുകയായിരുന്നു. ജോസ് കെ. മാണി വിഭാഗത്തിനുവേണ്ടി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജി. ശ്രീകുമാർ, വിശ്വനാഥൻ എന്നിവരും പി.ജെ. ജോസഫ് വിഭാഗത്തിനുവേണ്ടി ചേലൂർ ശ്രീകുമാർ, പി.ബി. കൃഷ്ണൻ, വിൻസെന്റ്, ജോമോൻ കെ. ചാക്കോ എന്നിവരും ഹാജരായി.
എന്നാൽ പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിന്ധിച്ചു പി.ജെ. ജോസഫ് എംഎൽഎ പറയുന്നതാണ് ആധികാരികമായ സംഘടനാ അഭിപ്രായമെന്നു പാർട്ടി നിയമസഭാകക്ഷി സെക്രട്ടറി മോൻസ് ജോസഫ് എംഎൽഎ. ഒഴിവുവന്ന സംഘടനാ പദവികൾ നികത്തുന്ന സമവായ ചർച്ചകളുമായി സഹകരിക്കാതെ മൂന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആൾക്കൂട്ടയോഗം സംഘടിപ്പിച്ചു ചെയർമാനെ തെരഞ്ഞെടുത്തു പരിഹാസ്യരായവർ എന്തിനാണു കേരള കോണ്ഗ്രസ്- എമ്മിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്നതെന്നു മനസിലാകുന്നില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
Leave a Reply