കോട്ടയം: യുഡിഎഫിലേക്കുള്ള പ്രവേശന ചർച്ചകൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് (എം) നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ലെന്നും, യുഡിഎഫ് അപമാനിച്ച് പുറത്താക്കിയ അനുഭവം മറക്കാനാകില്ലെന്നുമാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി നേതാക്കളോട് വ്യക്തമാക്കിയതെന്ന് വിവരം. നിലവിൽ ഉയരുന്ന ചർച്ചകൾക്ക് കഴമ്പില്ലെന്നും ഇത് അണികളെ ബോധ്യപ്പെടുത്തുമെന്നും നേതൃത്വം അറിയിച്ചു.
തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുമെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി വിടാൻ ഉദ്ദേശമുണ്ടായിരുന്നെങ്കിൽ അത് നേരത്തേ തന്നെ ചെയ്യാമായിരുന്നുവെന്നും, പരാജയത്തെ തുടർന്ന് മുന്നണി വിടുന്ന രാഷ്ട്രീയ സംസ്കാരം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തീരുമാനം ഉണ്ടാകുമായിരുന്നു എന്നും സ്റ്റീഫൻ ജോർജ് ചൂണ്ടിക്കാട്ടി.
യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ തിരിച്ചറിഞ്ഞതിന്റെ ഫലമാണെന്നും, എൽഡിഎഫിൽ എത്തിയ ശേഷമാണ് കേരള കോൺഗ്രസ് (എം)യുടെ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. പി.ജെ. ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയാണെന്നും, ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ അപക്വമാണെന്നും വിമർശിച്ചു. പരാജയം വന്നാൽ പാർട്ടി തകരുമെന്ന വാദം അംഗീകരിക്കാനാകില്ലെന്നും, മുന്നണി മാറ്റ ചർച്ചകൾക്ക് യാതൊരു പ്രസക്തിയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Leave a Reply