ഇന്ന് സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. 3 പേർക്ക് നെഗറ്റീവായി. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരിൽ 14 പേർ പുറത്തുനിന്നുവന്നവരാണ്. ഇവരിൽ 7 പേർ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും. രോഗികളുടെ എണ്ണം വർധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർകോട് രോഗം സ്ഥിരീകരിച്ച 2 പേർ ആരോഗ്യപ്രവർത്തകരാണ്. വയനാട്ടിൽ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 36,266 പേർ വീടുകളിലും 568 പേർ ആശുപത്രിയിലുമാണുള്ളത്. കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേർക്കാണ്. ഇതിൽ 64 പേർ ഇപ്പോൾ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ചികിത്സിച്ച് ഭേദമാക്കാനുള്ള ചികിൽസാ പ്രോട്ടോകോൾ ഉണ്ടാക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും. 124 മലയാളികളാണ് വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രതിരോധ പ്രവർത്തനങ്ങളിൽ അതാതു രാജ്യങ്ങളുടെ മുൻകരുതൽ നടപടികൾ അനുസരിക്കാൻ പ്രവാസികൾ തയാറാകണം. നിങ്ങളോടെപ്പം നിങ്ങളുടെ നാട് എപ്പോഴും ഉണ്ട്. റെയിൽവേ സ്റ്റേഷനുകളിലും അതിർത്തികളിലും ചെക്പോസ്റ്റുകളിലും എത്തുന്നവർക്കു ദിനചര്യകൾ നടത്താൻ 125 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. അതിർത്തികളിൽ പണം വാങ്ങി ആളെ കടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ഇത്തരം പ്രവണതകൾ സൃഷിടക്കുന്ന അപകടമാണ് കഴിഞ്ഞ ദിവസം വാളയാറിൽ കണ്ടത്. ചെന്നൈയിൽനിന്ന് മിനിബസിൽ വാളയാറിൽ എത്തിയ മലപ്പുറംകാരൻ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. നിരവധി പേർ നിരീക്ഷണത്തിലുമാണ്. കൃത്യമായ സംവിധനങ്ങളിലൂടെ അല്ലാതെ കടന്നു വന്നാൽ ഒരു സമൂഹമാകെ പ്രതിസന്ധിയിലാകും. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ മറ്റു തരത്തിൽ ചിത്രീകരിക്കേണ്ടതില്ല. ഇതു കർശനമായി നടപ്പാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കടക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വികാരമല്ല, വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.

വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറന്റീനിലേക്ക് അയയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നു. രാഷ്ട്രീയ നാടകം കളിക്കേണ്ട അവസരമല്ലിത്. 32 ദിവസമായി ഗ്രീൻ സോണിലായ വയനാട്ടിലാണ് ചെന്നെയിൽനിന്നെത്തിയ ഡ്രൈവർക്ക് കോവിഡ് ബാധിച്ചത്. ഇയാളിൽനിന്നാണ് ബാക്കിയുള്ളവർക്ക് കോവിഡ് വന്നത്. ഇയാളുമായി ബന്ധപ്പെട്ടാണു മാനന്തവാടിയിലെ മൂന്ന് പൊലീസുകാർക്കും കോവിഡ് വന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ 300ലേറെ പേർക്ക് ടെസ്റ്റ് നടത്തി. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലയിൽ പൊലീസ് നടപടിക്രമങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചു.