ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.
മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പൻ സ്രാവുകൾ’ പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.
ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!