ബിനോയി ജോസഫ്
കേരളത്തില്‍ കുട്ടികളുടെ പരീക്ഷാ ഫലം പുറത്തു വന്നു. നല്ല റിസള്‍ട്ട് കിട്ടിയവര്‍ ആഘോഷിക്കുന്നു. നല്ല കാര്യം. പക്ഷേ പരാജയപ്പെട്ട വിഷമം താങ്ങാനാവാതെ കുട്ടികള്‍ ജീവിതം അവസാനിപ്പിക്കുന്നത് എത്രയോ ദു:ഖകരമാണ്.

ഇതിനൊക്കെ കാരണം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും സാമൂഹിക അപചയവുമാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം പാടേ മാറ്റിയെഴുതേണ്ടിയിരിക്കുന്നു. പണ്ടെന്നോ തുടങ്ങിയ വിദ്യാഭ്യാസ രീതികള്‍ അല്പമൊക്കെ തേച്ചുമിനുക്കി മുന്നോട്ട് കൊണ്ടു പോകുന്നതല്ലാതെ സമഗ്രമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അത് ഉണ്ടാകണമെങ്കില്‍ ഭരണത്തില്‍ വരുന്നവര്‍ക്ക് അതിനുള്ള ഉള്‍ക്കാഴ്ചയും ബൗദ്ധിക നിലവാരവും നേതൃപാടവവും വേണം. ഇന്നത്തെ രീതി വച്ച് അങ്ങനെയൊരു ഭരണ നേതൃത്വം അടുത്ത കാല്‍ നൂറ്റാണ്ടില്‍ അവിടെയുണ്ടാവാന്‍ സാധ്യതയില്ല.

സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ എത്തുമ്പോള്‍ തന്നെ കുട്ടികളെ ആണ്‍, പെണ്‍ തിരിച്ച് വേറെ ക്ലാസിലാക്കുന്നതു മുതല്‍ തുടങ്ങുന്നതാണ് വികലമായ വിദ്യാഭ്യാസ നയം. പിന്നെ പഠിപ്പിസ്റ്റുകള്‍ എന്നും മുന്നത്തെ നിരയില്‍. പിന്നെ ടീച്ചര്‍മാരുടെയും സാറന്മാരുടെയും മക്കള്‍ മുന്നിലെ നിരയിലോ തൊട്ടു പുറകിലോ ആയി വരും. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ മക്കളും മുന്‍നിര അലങ്കരിക്കും. വിയര്‍ത്തു പണിയെടുത്തു ജീവിക്കുന്നവരുടെ മക്കള്‍ ബാക്ക് ബെഞ്ചില്‍. ഞാന്‍ പഠിച്ച സമയത്തെ ക്‌ളാസ് രീതി ഇതായിരുന്നു.

ഒരു കുട്ടിയെ ക്‌ളാസില്‍ എങ്ങനെ പരിഗണിക്കുന്നുവെന്നത് അവന്റെ കുടുംബ മഹിമ അനുസരിച്ചായിരുന്നുവെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. മിഠായിയും സമ്മാനവുമൊക്കെ മുന്‍ നിരയില്‍ തീരും. വടിയും അടിയും ആട്ടും പിന്‍നിരയ്ക്ക് എന്നും സ്വന്തം. ഇതൊക്കെ ഇപ്പോള്‍ കുറെയൊക്കെ മാറിയിട്ടുണ്ടാവും എന്ന് കരുതുന്നു.

അദ്ധ്യാപകന്റെ അടി വാങ്ങിയതു മൂലം ഒരു കുട്ടി പോലും ഈ ലോകത്ത് പഠിച്ച് മിടുക്കനായതായി എനിയ്ക്കറിയില്ല. വേദന എന്ന ഭയം മനസില്‍ കുത്തിവച്ചതല്ലാതെ ഒരു മണ്ണാങ്കട്ടയും അത് ലോകത്തിന് സംഭാവന ചെയ്തിട്ടില്ല. ഹോം വര്‍ക്ക് ചെയ്യാതെ വന്നാല്‍.. മൊത്തം പഠിക്കാതെ വന്നാല്‍… കൈ നീട്ടിയ്‌ക്കോ… അടിയുടെ പൂരം… എന്നാല്‍ എന്തുകൊണ്ടാണ് ഹോം വര്‍ക്ക് ചെയ്യാത്തതെന്നോ എന്തുപറ്റിയെന്നോ ഒരു ചോദ്യം പോലും ഉണ്ടാവില്ല… ചിലപ്പോള്‍ അവന്റെ വീട്ടില്‍ തലേന്ന് കറന്റ് പോയിട്ടുണ്ടാവും… വീട് ചോര്‍ന്നൊലിച്ചിട്ടുണ്ടാവും.. ചിലപ്പോള്‍ ഭക്ഷണം കഴിയ്ക്കാന്‍ ഉണ്ടായിരുന്നില്ല… ഇതൊന്ന് മനസിലാക്കി സ്‌നേഹത്തോടെ അദ്ധ്യാപകന് പറഞ്ഞു കൊടുത്താലെന്താ… അടി കൊണ്ട് കുട്ടികള്‍ പുളയുന്നതില്‍ കിട്ടുന്ന മന:സുഖം അതിലും ആസ്വാദ്യകരമായിരുന്നിരിക്കാം.

പിന്‍ബഞ്ചിലിരുന്ന് അടി വാങ്ങിച്ച് പഠിച്ച ആ കുട്ടികള്‍ ഇന്നും കാണുമ്പോള്‍ സ്‌നേഹത്തോടെ സംസാരിക്കും. അതെ ഹൃദയത്തില്‍ മനുഷ്യത്വം സൂക്ഷിക്കുന്നവര്‍… അല്ലാത്തവരൊക്കെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഒരു ലൈക്ക് അടിക്കും. അവരുടെ ബന്ധങ്ങള്‍ അത്രമാത്രം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നാട് വികസിതമായി എന്ന് പറയണമെങ്കില്‍ ജനങ്ങള്‍ നല്ല വിദ്യാഭ്യാസം നേടി ബൗദ്ധികമായി ഉയര്‍ച്ചയിലെത്തണം. അല്ലാതെ കുറെ റോഡുകളും ബില്‍ഡിംഗുകളും നിര്‍മ്മിച്ചാലൊന്നും നാട് നന്നാവില്ല. പൊതുമുതല്‍ സംരക്ഷിക്കണമെന്ന് പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. എന്റെയും നിന്റെയും രക്തത്തിന്റെ നിറം ഒന്നാണെന്നും നമ്മള്‍ സഹോദങ്ങളാണെന്നും പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. എല്ലാ മനുഷ്യര്‍ക്കും ഈ ലോകത്ത് തുല്യാവകാശമുണ്ടെന്ന് പഠിപ്പിക്കുന്നതാവണം വിദ്യാഭ്യാസം. പ്രായമുള്ളവരെ സംരക്ഷിക്കാനും ദുര്‍ബലരെ കൈ പിടിച്ചുയര്‍ത്താനും പ്രചോദനം നല്‍കുന്നതായിരിക്കണം വിദ്യാഭ്യാസം.

പഠിച്ചതെല്ലാം ഒരു ദിവസം പേപ്പറിലേയ്ക്ക് എഴുതി വയ്ക്കുന്നതാവരുത് പരീക്ഷാ രീതി. പരീക്ഷകളില്‍ 100 ശതമാനം നേടിയവരൊന്നും ജീവിതത്തില്‍ 100 ശതമാനം വിജയിക്കണമെന്നില്ല. ശരാശരി മാര്‍ക്ക് വാങ്ങിയവരാണ് ജീവിതത്തില്‍ ഏറ്റവും വിജയകരമായി മുന്നേറിയത്. അയല്‍പക്കത്തെ കുട്ടിയ്ക്ക് എത്ര മാര്‍ക്ക് കിട്ടിയെന്ന് നമ്മള്‍ എന്തിന് അന്വേഷിക്കണം. സ്വന്തം കുട്ടിയ്ക്ക് മാര്‍ക്ക് അല്പം കുറയാം… കൂടാം.. അതില്‍ കുട്ടിയ്ക്കും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും റോളുണ്ട്. മാര്‍ക്ക് കുറഞ്ഞാല്‍ കുട്ടികളുടെ മുകളില്‍ മെക്കിട്ട് കേറുന്നത് ആദ്യം നിര്‍ത്തണം.

പിന്നെ മാര്‍ക്ക് കൂടുതല്‍ കിട്ടിയവര്‍ക്ക് സ്വീകരണങ്ങളുടെ പൂരമാണ്. സ്‌കൂള്‍ വക.. പിടിഎ വക.. ക്‌ളബ്ബ് വക… ഇതിലൊക്കെ വന്നിരുന്ന് കയ്യടിയ്ക്കാന്‍ തോറ്റവര്‍ വേണം. കുറെപ്പേര്‍ സ്ഥിരമായി സ്റ്റേജിലിരുന്ന് എന്നും സ്ഥിരമായി മറ്റുള്ളവരെക്കൊണ്ട് കൈയടിപ്പിക്കുന്ന ഈ പതിവ് മാറണം. കുട്ടികളെ ഒന്നാമന്‍, രണ്ടാമന്‍, മൂന്നാമന്‍ എന്നൊക്കെ തിരിക്കുന്നത് നിറുത്തണം. അവരെല്ലാം ധാരാളം കഴിവുള്ളവരാണ്. എന്നാല്‍ അവരെയെല്ലാം നാടിന് ഉപകാരികളായ വിധത്തില്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ അനുയോജ്യമായ വിദ്യാഭ്യാസ സമ്പ്രദായം നടപ്പില്‍ വരുത്തണം.

പരീക്ഷാ ഫലം വരുമ്പോള്‍ ഒരു കുട്ടി ജീവനെടുത്താല്‍… അവിടെ തോറ്റത് ആ കുട്ടിയല്ല… അമ്പേ പരാജയപ്പെട്ടത്, ആ കുഞ്ഞിന്റെ ചിന്തകളെ ഈ രീതിയില്‍ രൂപപ്പെടുത്തിയ വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവുമാണ്. ഇത് മാറിയേ തീരൂ.