കൊച്ചി: മഴ പൂര്‍ണമായും മാറിയതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. കേരളത്തില്‍ ഇനി കനത്ത മഴയുണ്ടാകില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വിവിധ ഡാമുകളിലെ ജലനിപ്പും കുറഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാര്‍, ഇടമലയാര്‍ തുടങ്ങിയ പ്രധാന ഡാമുകളില്‍ ആശങ്കജനകമായ സാഹചര്യമില്ലെന്നും വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞുവെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്.

ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍പ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. എറണാകുളം ജില്ലയില്‍ പറവൂര്‍ പൂവത്തുശേരി, കുത്തിയതോട്, തൃശൂരിന്റെ തെക്കു, പടിഞ്ഞാറന്‍ മേഖലയായ. ആലപ്പാട്, പുള്ള്, ചേറ്റുപുഴ, മക്കൊടി, ചേര്‍പ്പ്, എട്ടുമുന തുടങ്ങി ഗ്രാമങ്ങളിലും വലപ്പാട് മുതല്‍ ചാവക്കാട് വരെയുള്ള തീരദേശ മേഖലയിലും വെള്ളപ്പൊക്കം തുടരുന്നു. മഴ പൂര്‍ണമായും മാറിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം വര്‍ദ്ധിച്ചിട്ടുണ്ട്. ദുരന്തമുഖത്തേക്ക് കൂടുതല്‍ മത്സ്യതൊഴിലാളികള്‍ കൂടി രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചേര്‍ന്നതോടെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആളുകളെ ഒഴിപ്പാക്കാന്‍ സാധിച്ചു.

പെരിയാറിലെ വെള്ളം കുറഞ്ഞിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ റണ്‍വേയിലെ ജലനിരപ്പിലും വലിയ വ്യത്യാസമുണ്ടായിട്ടുണ്ട്. എത്രയും വേഗം എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇടുക്കി അണക്കെട്ടില്‍ 2401.74 അടിയാണു ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 140 അടി വെള്ളമാണുള്ളത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിന്റെ 13 ഷട്ടറുകളില്‍ എട്ടെണ്ണം പൂര്‍ണമായും താഴ്ത്തി. ബാക്കിയുള്ളവ അരയടി ആക്കിയും താഴ്ത്തിയിട്ടുണ്ട്.











Leave a Reply