കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷകണക്കിന് പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്. നേവി, ആര്‍മി, വ്യോമസേന, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ദേശീയ ദുരന്തനിവാരണ സേന, കേരള ഫയര്‍ ഫോഴ്സ്, പോലീസ് എന്നിവരെ കൂടാതെ മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി, എറണാകുളം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത്.

എറണാകുളം ജില്ലയില്‍ ഇതുവരെ 71633 പേരെ രക്ഷപ്പെടുത്തി. നഗര പ്രദേശത്ത് നിന്നും ബോട്ട് വഴി 7064 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 20 പേരെയും മറ്റു വാഹനമാര്‍ഗങ്ങളുപയോഗിച്ച് 37976 പേരെയും രക്ഷപെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് ബോട്ട് വഴി 346 പേരെയും ഹെലികോപ്ടര്‍ മാര്‍ഗം 261 പേരെയും മറ്റു വാഹന മാര്‍ഗങ്ങളുപയോഗിച്ച് 25966 പേരെയും രക്ഷപെടുത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചതാണ് രക്ഷാദൗത്യത്തിന്റെ വേഗം കൂട്ടിയത്. തീരപ്രദേശത്ത് നിന്ന് തൊഴിലാളികള്‍ കൂട്ടമായി എത്തി ദൗത്യസേനക്കൊപ്പം ചേര്‍ന്നു. ഇതോടെ കുടുങ്ങിക്കിടന്ന പല മേഖലകളിലേക്കും എത്തിപ്പെടാന്‍ സേനയ്ക്കായി. ഇന്ന് രാവിലെ 23 ഹെലികോപ്റ്ററുകള്‍ കൂടി എത്തിച്ചിരുന്നു.

ആലുവയില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. ചില ഭാഗങ്ങളില്‍ റോഡ് ഗതാഗതം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പന്തളം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല. ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന ട്രൂപ്പാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നാംദിവസമാണ് ഇവരിവിടെ കുടുങ്ങിയിരിക്കുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നു. എന്നാല്‍ ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്.