അട്ടപ്പാടി അഗളില്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ ഗര്‍ഭിണിയെയും ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും സാഹസികമായി രക്ഷപെടുത്തി. കുത്തിയൊഴുകുന്ന ഭവാനിപ്പുഴയ്ക്ക് കുറുകെ കെട്ടിയ കയറില്‍ കുഞ്ഞിനെ നെഞ്ചോടടുക്കിപ്പിടിച്ച് പിതാവ് മുരുകേശന്‍ സുരക്ഷിതമായെത്തുന്ന കാഴ്ച പ്രളയത്തിലെ രക്ഷാദൗത്യങ്ങളുടെ മുഴുവന്‍ നേര്‍ക്കാഴ്ചയായി.
കനത്ത മഴയെത്തുടര്‍ന്ന് രണ്ടുദിവസമായി അഗളി ഭവാനിപ്പുഴയുടെ തീരത്ത് പട്ടിമാളം എന്ന തുരുത്തിലാണ് ഏഴംഗ കുടുംബം ഒറ്റപ്പെട്ടുപോയത്.കുത്തിയൊലിച്ച് ഒഴുകുന്ന ഭവാനിപ്പുഴ മറികടന്ന് ഇവരെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കുക വെല്ലുവിളിയായിരുന്നു. ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയും 8 മാസം ഗര്‍ഭിണിയായ യുവതിയെയും പുഴ കടത്തുന്നതായിരുന്നു ദുഷ്കരം.
അഗളിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സഹോദരങ്ങളടങ്ങിയ അഞ്ചംഗ സംഘം അഗ്നിശമന സേനേയുടെ സഹായത്തോടെ കുത്തിയൊഴുകുന്ന ഭവാനിപ്പുഴ മറികടന്ന് അക്കയെത്തി. കയര്‍ കെട്ടി. ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ ഓരോരുത്തരായി കയറിലൂടെ ഇക്കരയ്ക്ക്. ഒടുവില്‍ ഒരു വയസ് പ്രായമായ കുഞ്ഞുമായി മുരുകേശനും കയറില്‍ സാഹസികമായി ഇരുന്നു.
ഇക്കരെ കാത്തിരുന്ന മുത്തശിയുടെ കരങ്ങളിലേക്ക് ആ പെണ്‍കുഞ്ഞ് ചാഞ്ഞത് ആശ്വാസത്തോടെ കേരളം കണ്ടിരുന്നു. തൊട്ടുപിന്നാലെ എട്ടുമാസം ഗര്‍ഭിണിയായ ലാവണ്യയും എത്തി. ജനം കൈയ്യടിയോടെ കുടംബത്തെ സ്വീകരിച്ചു രക്ഷാപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞു. പ്രളയകാലത്തെ ആശ്വാസക്കാഴ്ചയായി മാറി ഈ ദൃശ്യം.
Leave a Reply