ഡോ. ഐഷ വി

കാലാവസ്ഥാ മാററങ്ങളിലും മറ്റും പഠന വിധേയമാക്കിയിട്ടുള്ള ഒരു സിദ്ധാന്തമാണ് ശലഭ സിദ്ധാന്തം. ശലഭങ്ങളുടെ ചിറകടി ഒരു ടൊർണാഡോ സൃഷ്ടിക്കുമോ? ആവോ ആർക്കറിയാം? എന്നാൽ ഐ എച്ച് ആർ ഡി (മറ്റു സ്ഥാപനത്തിലുമാകാം.) ശമ്പളം രണ്ടുമാസം വൈകിയാൽ അത് നേർ രേഖയിലോ ഒരേ ദിശയിലോ അല്ലാത്ത സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിക്കാം. ഒരു തരംഗമാകുമ്പോൾ അതിന് ഉയർച്ചയും താഴ്ചയും ഉണ്ടാകാം . കൂർഗിലെ നാനിയുടെ വാട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളകി കിടന്നാൽ അതെങ്ങനെ പാലക്കാടും തൃശൂരും കൊല്ലത്തുമുള്ളവരുടെ ഇടയിൽ സാമ്പത്തിക തരംഗങ്ങൾ സൃഷ്ടിയ്ക്കുമെന്നും നമുക്കൊന്ന് പരിശോധിക്കാം. ഒരു ഐ എച്ച് ആർ ഡി സ്ഥാപനത്തിലെ കുട്ടികൾക്ക് ടൂറ് പോകാനൊരു പൂതി. കുട്ടികൾക്ക് വേണ്ട ഉപദേശങ്ങൾ ഒക്കെ നൽകി , ഒരു അധ്യാപകനേയും അധ്യാപികയേയും ഡ്യൂട്ടിക്കിട്ട് കുട്ടികളെ ടൂറിനയച്ചു. ബസ്സുകാരന്റെ പക്കൽ നിന്നും ഷെഡ്യൂൾ വണ്ടി നമ്പർ ,എഗ്രിമെന്റ് മുതലായവ വാങ്ങിയിരുന്നു.മൈസൂർ , കൂർഗ്, ചിക്കമംഗലൂർ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. കൂർഗ് വാട്ടർ പാർക്കിലായിരുന്നു അന്നവർക്ക് സ്റ്റേ. ഇരുട്ടിയപ്പോഴാണ് ടൂർ ടീം അവിടെ എത്തിയത്.

രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ കുളo ഉപയോഗിക്കാൻ പാടുള്ളൂ എന്നെഴുതിയ ബോർഡ് അവിടെ ഉണ്ടായിരുന്നെങ്കിലും ഇരുട്ടു കാരണം അതൊന്നും ആരുടേയും ശ്രദ്ധയിൽ പെട്ടില്ല. ബസുകാരനും, വാട്ടർ പാർക്കിലെ ജീവനക്കാരും തമ്മിലുള്ള പരിചയത്തിന്റെ പേരിൽ കുളം ഉപയോഗിക്കാൻ അവർ അനുവദിച്ചു. കുളത്തിന്റെ പരിസരത്ത് വൈദ്യുതി വെളിച്ചം ഒട്ടുമേ ഇല്ലായിരുന്നു. യാത്ര ചെയ്തു മുഷിഞ്ഞതും ഉഷ്ണവും കാരണം വിദ്യാർത്ഥികൾ കുളത്തിൽ ചാടി. അധ്യാപികയും ഏതാനും വിദ്യാർത്ഥിനികളും താമസിക്കാനുള്ള മുറികളോടനുബന്ധിച്ച കുളിമുറികളിൽ കുളിക്കാൻ കയറി.

നാനിയുടെ ഉടമസ്ഥതയിലുള്ള വാർട്ടർ പാർക്കിലെ ഡൈവിംഗ് സ്റ്റാന്റിലെ രണ്ട് പലകകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. എന്നാൽ വാട്ടർ പാർക്കിലെ ജീവനക്കാർ അക്കാര്യം ടൂർ ടീമിനെ അറിയിച്ചിരുന്നില്ല. ഡൈവിംഗ് സ്റ്റാന്റിന്റെ മുകളിൽ കയറിയ അധ്യാപകൻ കാലെടുത്തു വച്ചത് പലകയിളകിയ ഭാഗത്തേയ്ക്കായിരുന്നു. അധ്യാപകൻ 10 അടി താഴ്ചയിലേയ്ക്ക് പതിച്ചു. ഇടത് തോളും നട്ടെല്ലുമൊക്കെ ഇടിച്ചാണ് വീണത്. ബസുകാരനും വാട്ടർ പാർക്കിലെ ജീവനക്കാരനും കൂടി അധ്യാപകനെ സമീപപ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചു. എക്സ്റേ മുതലായ ടെസ്റ്റ്കൾ ചെയ്യിച്ച് ₹2000/- അധ്യാപകന്റെ പക്കൽ നിന്നും ആശുപത്രി അധികൃതർ ഈടാക്കി. ഡോക്ടർ എക്സ്റേ പരിശോധിച്ച ശേഷം ഒന്നുമില്ലെന്ന് പറഞ്ഞു. കുറച്ച് വേദന സംഹാരികളും കൊടുത്ത് കൈയ്യിലൊരു കെട്ടും കെട്ടി അവരെ പറഞ്ഞയച്ചു.

തുടർന്നുള്ള മൂന്ന് ദിവസങ്ങളിലെ യാത്രയും കുട്ടികളെ നിയന്ത്രിക്കലും അധ്യാപകനെ തളർത്തിയിരുന്നു. ടൂർ കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ അധ്യാപകൻ ആലത്തൂരിലെ ഒരാശുപത്രിയിൽ എത്തി. കൂർഗിലെടുത്ത അതേ എക്സ്റേ കണ്ട ആലത്തൂരിലെ ആശുപത്രിക്കാർ എത്രയുംവേഗം ശസ്ത്രക്രിയ ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇത് കൂർഗിലെ ഡോക്ടറുടെ വിവരക്കേട് മൂലമാണോ അതോ ആശുപത്രിക്കാരും വാട്ടർ പാർക്കുകാരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണോ സംഭവിച്ചത്? ഏതായാലും ആലത്തൂരിലെ ആശുപത്രിയിൽ ഒരു സാമ്പത്തിക തരംഗം തുടങ്ങുന്നു. ചിലവ് വരുന്ന പോയിന്റിൽ സാമ്പത്തിക തരംഗത്തിന് ഒരു താഴ്ചയും വരവ് വരുമ്പോൾ ഒരു ഉയർച്ചയും ഉണ്ടെന്ന് വിചാരിക്കുക. ഈ ഉയർച്ച താഴ്ചകൾ ഒരേ തരംഗദൈർഘ്യത്തിലോ ആംപ്ലിറ്റ്യൂഡിലോ ഉള്ളതല്ല. ആയത്തിനും വ്യയത്തിനുമാനുപാതികമായി തരംഗത്തിലെ നിമ് നോന്നതങ്ങളിൽ വ്യത്യാസം വരും.

അങ്ങനെ തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേയ്ക്കുള്ള അവരുടെ യാത്രയിൽ അവർ ഒരു ഓട്ടോ പിടിക്കുന്നു. ഓട്ടോ ചാർജ് കൊടുക്കുമ്പോൾ ഓട്ടോക്കാരന് ആയവും അധ്യാപകന് വ്യയവും. അധ്യാപകനെ ആശുപത്രിയിലാക്കിയ ശേഷം ഓട്ടോക്കാരൻ ഒരു പെട്രോൾ പമ്പിൽ കയറി തനിക്ക് കിട്ടിയ വരുമാനത്തിന്റെ ഒരു ഭാഗം അവിടെ ചിലവഴിക്കുമ്പോൾ അവിടെ മറ്റൊരു തരംഗം ആരംഭിക്കുന്നു. അധ്യാപകന്റെ ശസ്ത്രക്രിയ പലവിധ ടെസ്റ്റുകൾക്ക് ശേഷം ആശുപത്രിക്കാർ നടത്തി – അഞ്ചാറ് അംഗങ്ങളുള്ള സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ ഏക ആശ്രയമായിരുന്നു ഈ അധ്യാപകൻ. ഈ അപകടം അവർക്ക് കൂനിൻമേൽ കുരു എന്നു പറഞ്ഞതു പോലെയായി. അധ്യാപകന്റെ അവസ്ഥ മനസ്സിലാക്കിയ ഐ എച്ച് ആർ ഡി ജീവനക്കാർ അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ച് പിരിവിട്ട് ആശുപത്രി ചിലവ് വഹിക്കാൻ തയ്യാറായി.

സ്ഥിരം ജീവനക്കാർക്ക് 2 മാസത്തെ ശമ്പളം ലഭിച്ചിരുന്നില്ല. താത്കാലിക ജീവനക്കാർക്കും ലാസ്റ്റ് ഗ്രേഡ് കാർക്കും മറ്റ് സ്ഥിര ജീവനക്കാർക്ക് മുമ്പേ ശമ്പളം നൽകിയിരുന്നു. സ്ഥിരവും അസ്ഥിരവുമായ ജീവനക്കാർ അധ്യാപകന്റെ പിരിവിട്ടപ്പോൾ ശമ്പളം കിട്ടാൻ വൈകിയിട്ടും അവർ അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചായിരുന്നു (ഡിലേയ്ഡ്) പിരിവിട്ടത് . അങ്ങനെ പിരിവ് ആദ്യ തരംഗത്തിൽ മുട്ടിയെങ്കിലും ഇവിടെ ഓരോ ജീവനക്കാരിൽ നിന്നും വിവിധ തരംഗങ്ങൾ രൂപപ്പെടുകയായിരുന്നു(nonlinear). ശമ്പളമില്ലായ്മയും അപ്രതീക്ഷിത ചിലവും കൂടി വന്നപ്പോൾ അവരുടെ തരംഗങ്ങളിൽ അവരുടെ ആവശ്യങ്ങൾ മാറ്റിവയ്ക്കുക, ഓട്ടോപിടിയ്ക്കുന്നിടത്ത് നടക്കുക തുടങ്ങി ചിലവ് ചുരുക്കിയും , ചിലവ് മാറ്റിവച്ചും അവരവരുടെ തരംഗങ്ങൾ മുന്നോട്ട് പോയി. അവരിൽ നിന്നും സാമ്പത്തിക ക്രയവിക്രയങ്ങൾ നടത്തേണ്ടവർക്ക് ഡിലേ വന്നു. പറ്റ് വരവ് അടയ്ക്കാൻ കഴിയാതെ മുടങ്ങി. അങ്ങനെ ഓരോ ഐ എച്ച് ആർ ഡി ജീവനക്കാരുമായി ബന്ധപ്പെട്ട ത രംഗങ്ങൾ അല്പം താമസിച്ചത്( Delayed) ആയി.

ഇതിനിടയിൽ കന്നട സംസാരിക്കാനറിയുന്ന ഒരു അധ്യാപകൻ കൂർഗിലെ വാട്ടർ പാർക്കുടമയെ വിളിച്ച് സംസാരിച്ചു. ഉടമ നഷ്ടപരിഹാരം തരാൻ തയ്യാറല്ലായിരുന്നു. ബസുകാരനെ വിളിച്ച് സംസാരിച്ചു. അയാൾ 10000/- രൂപ നഷ്ടപരിഹാരം തരാൻ തയ്യാറായിരുന്നു. അയാൾ വീട് പണിയാൻ വച്ചിരുന്ന തുകയാണ് ഇങ്ങനെ മറിഞ്ഞത്. അങ്ങനെ അയാളുടെ വീടുപണിയിൽ കാലതാമസം വന്നു. അയാളിൽ നിന്ന് അയാളുടെ പണിക്കാർ വഴി നീളേണ്ടിയിരുന്ന സാമ്പത്തിക തരംഗത്തിന് കാലതാമസം വന്നു. അങ്ങനെ തുടർന്നു ഭവിക്കേണ്ടിയിരുന്ന പല തരംഗങ്ങളും താമസിച്ച് തുടങ്ങേണ്ടിവന്നു.

ഐ എച്ച് ആർഡി യിലെ ജീവനക്കാർ ആവശ്യങ്ങൾ മാറ്റിച്ച് ആശുപത്രി കടം വീട്ടി. അധ്യാപകനെ സിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചു. ഇത്രയുമായിട്ടും. ജീവനക്കാർക്ക് കിട്ടേണ്ട ശമ്പളം ഇതുവരെ കിട്ടിയില്ല. എന്നാൽ ഡിലേയ്ഡ് ബട്ടർ ഫ്ലൈ എഫക്ട് തുടരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്