സംസ്ഥാനം വിധിയെഴുതാൻ ഇനി മണിക്കൂർ മാത്രം ബാക്കി. മൂന്നു മുന്നണികളുടെയും നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങൾ അവസാനിച്ചു. കൊട്ടിക്കലാശത്തിന് വിലക്ക് ഉണ്ടായിരുന്നെങ്കിലും ഒട്ടും മോശമാക്കാത്ത പ്രചാരണ സമാധാനത്തിനു ശേഷം ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും വിധിയെഴുതാനായി രണ്ടു കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാർ നാളെ ബൂത്തുകളിൽ എത്തും.
രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമേ പോളിംഗ് ഉള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ബൂത്തുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കൊവിഡ് ബാധിതർക്കും, ക്വാറൻ്റീനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.
ഇരട്ടവോട്ടും വ്യാജവോട്ടുമുള്ളവരുടെ ലിസ്റ്റും ഉദ്യോഗസ്ഥർക്ക് കൈമാറി. കൊറോണ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് സാമഗ്രികളുടെ വിതരണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെങ്കിലും പല കേന്ദ്രങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും ആക്ഷേപമുണ്ട്. പോളിംഗ് സുരക്ഷാ ഡ്യൂട്ടികൾക്കായി നാല് ലക്ഷത്തോളം ഉദ്യോഗസ്ഥരെ 140 മണ്ഡലങ്ങളിലായി വിന്യസിച്ചു. 59,000ത്തോളം പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. പോലീസിന്റെ വിവിധ പട്രോൾ സംഘത്തിന് പുറമെ നക്സൽ ബാധിത പ്രദേശങ്ങളിൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്, തണ്ടർബോൾട്ട് എന്നിവയുമുണ്ടാകും. കൂടാതെ ഡ്രോൺ സംവിധാനവും ഒരുക്കയിട്ടുണ്ട്.
കേരളത്തിനൊപ്പം തമിഴ്നാടും പുതുച്ചേരിയും നാളെ വിധിയെഴുതും. ബംഗാളിൽ നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കും. അസമിലെ 40 മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
Leave a Reply