ഭക്തിയുടെ ഇരുമുടിക്കെട്ടുമായി മല ചവിട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്നിധാനത്തിൽ എത്തി അയ്യപ്പ ദർശനം നടത്തി. ഇളയ മകൻ കബീർ മുഹമ്മദ് ഖാനും ഒപ്പം ഉണ്ടായിരുന്നു. വൈകിട്ട് 5.10ന് പമ്പയിൽ എത്തി. പമ്പാ ഗണപതി കോവിൽ എത്തി കെട്ടുമുറുക്കി. സ്വാമി അയ്യപ്പൻ റോഡിലൂടെ നടന്നാണ് മല കയറിയത്. പൊലീസ്, ഡോക്ടർമാരുടെ സംഘം എന്നിവരും അനുഗമിച്ചു. നടന്നു മല കയറുന്നതിനു ബുദ്ധിമുട്ട് ഉണ്ടായാൽ ഉപയോഗിക്കുന്നതിനു 2 ഡോളിയും ക്രമീകരിച്ചിരുന്നു.

ക്ഷീണം തോന്നുമ്പോൾ ഇടയ്ക്ക് നിന്നു വിശ്രമിച്ചു. പക്ഷേ ഒരു ബുദ്ധിമുട്ടും ഇല്ലാതെ ഗവർണർ പൂർണമായും നടന്നാണ് മല കയറിയത്. സന്നിധാനത്തിൽ എത്താൻ ഒന്നര മണിക്കൂർ എടുത്തു. സന്നിധാനത്തിൽ എത്തിയപ്പോൾ പടിപൂജ നടക്കുകയായിരുന്നു. അതിനാൽ ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം രാത്രി 8 മണിയോടെ പതിനെട്ടാംപടി കയറി അയ്യപ്പ ദർശനം നടത്തി. തന്ത്രി കണ്ഠര് രാജീവര് ശ്രീകോവിൽനിന്നു പ്രസാദം നൽകി. മാളികപ്പുറം ക്ഷേത്രത്തിലും വാവരു സ്വാമിയുടെ നടയിലും ദർശനം നടത്തിയ ശേഷം രാത്രി സന്നിധാനത്തിൽ തങ്ങും.

തിങ്കളാഴ്ച പുലർച്ചെ 5ന് നിർമാല്യ ദർശനം. ഗവർണറുടെ സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം ക്ഷേത്ര പരിസരത്ത് ചന്ദന തൈ നടും. പുണ്യം പൂങ്കാവനം ശുചീകരണ യജ്ഞത്തിലും പങ്കെടുത്ത ശേഷം മടങ്ങും. സന്നിധാനത്തിൽ എത്തിയ ഗവർണറെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി. എസ്. തിരുമേനി എന്നിവർ ചേർന്ന് വലിയ നടപ്പന്തലിൽ സ്വീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ