കൊച്ചി ∙ വിവാദമായ ദ കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞ് കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ പുറപ്പെടുവിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. പ്രഥമ ദൃഷ്ട്യാ സിനിമ മതസൗഹാർദത്തിന് ഭീഷണിയാകാമെന്ന് കോടതി നിരീക്ഷിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. ഇതോടെ നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രം താൽക്കാലികമായി നിർത്തി വെക്കേണ്ടി വന്നു.
കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്തുന്നതും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നതുമാണെന്നതാണ് ഹർജിക്കാരന്റെ വാദം. ഒരു പ്രദേശത്തെ ജനതയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും കേരളം വർഗീയതയുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെയും കേന്ദ്രമായി കേരളത്തെ മുദ്രകുത്താനുള്ള ശ്രമമാണിതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ള പ്രതികൾക്ക് കോടതി നോട്ടീസ് നൽകിയിരുന്നു.
ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെയാണ് വിവാദം ശക്തമായത്. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നുമുള്ള രംഗങ്ങളും സമ്മതമില്ലാതെ ബീഫ് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള ദൃശ്യങ്ങളുമാണ് ട്രെയിലറിൽ ഉള്ളത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് ഉയർന്നത്. സംസ്ഥാനത്ത് വർഗീയ ധ്രുവീകരണത്തിന് സിനിമ കാരണമാകാമെന്ന ആശങ്ക പ്രകടിപ്പിച്ച് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. അതേസമയം, രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചതെന്ന നിലപാടിലാണ് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്.











Leave a Reply