അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറിന് (40) കണ്ണീരോടെ ജന്മനാട് വിടപറഞ്ഞു. അഹമ്മദാബാദിൽനിന്നു ഡൽഹി വഴി ഇന്നലെ രാവിലെ ഏഴിനാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലും വസതിയിലുമായി പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ മന്ത്രിമാരായ വി.എന്‍. വാസവനും സജി ചെറിയാനും ജനപ്രതിനിധികളുമടക്കം ആയിരക്കണക്കിനു പേര്‍ ഒഴുകിയെത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍.അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി ആദരമര്‍പ്പിച്ചു. മുന്‍ മന്ത്രിമാരായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും വിമാനത്താവളത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. നോര്‍ക്കയ്ക്കു വേണ്ടി പ്രൊജക്ട് മാനേജര്‍ ആര്‍.എം.ഫിറോസ് ഷാ പുഷ്പചക്രം സമര്‍പ്പിച്ചു. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
തുടര്‍ന്നു സ്വദേശമായ തിരുവല്ല പുല്ലാടിലേക്കു മൃതദേഹം എത്തിച്ചു. സഹോദരന്‍ രതീഷ് ജി.നായരും അമ്മാവന്‍ ഉണ്ണിക്കൃഷ്ണനും ഭൗതികശരീരത്തെ അനുഗമിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ രാവിലെ 10ന് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഉച്ചയ്ക്ക് ശേഷം മൃതദേഹം വീട്ടിലേത്തിച്ചു. മന്ത്രി സജി ചെറിയാന്‍, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
യുകെയിലെ പോർട്സ്മൗത്ത് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി എൻഎച്ച്എസ് ട്രസ്റ്റിന്റെ ക്വീൻ അലക്സാന്ദ്ര ഹോസ്പിറ്റലിൽ നേഴ്സായിരുന്നു രഞ്ജിത. 2024 ഓഗസ്റ്റിലാണ് ക്വീൻ അലക്സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നേഴ്സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നത്. നാല് ദിവസത്തെ അവധിക്കായി നാട്ടിൽ പോയി മടങ്ങി വരവേയാണ് അഹമദാബാദിലെ വിമാനദുരന്തത്തിന് ഇരയായത്. യുകെയിൽ എത്തി ഒരു വർഷം പൂർത്തിയാകാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് അപ്രതീക്ഷിത വിട വാങ്ങൽ.
Leave a Reply