പാമ്പാടി നെഹ്റു കോളജിൽ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ മൊബൈൽ ഫോണ്‍ വിവരങ്ങൾ പുറത്ത്. സംസ്ഥാന സാങ്കേതിക സർവകലാശാല പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ജിഷ്ണു വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് വിവരങ്ങൾ. മാനേജ്മെന്‍റിന്‍റെ ശത്രുതയ്ക്ക് കാരണം ഇതാണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. കോളെജിനെതിരെ നിര്‍ണായക തെളിവായേക്കാവുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍.
ജിഷ്ണു സുഹൃത്തുക്കളോട് സംസാരിച്ചതിന്റെ ശബ്ദരേഖയും വാട്ട്സ്ആപ് സന്ദേശങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പഠിക്കാന്‍ ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജിഷ്ണു പ്രണോയി വിദ്യാഭ്യാസമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൂടാതെ സാങ്കേതിക സര്‍വകലാശാലയ്ക്ക് നിരന്തരം പരാതികള്‍ അയക്കാനും വിദ്യാര്‍ത്ഥികളോട് ജിഷ്ണു വാട്‌സാപ്പ് സന്ദേശങ്ങളില്‍ പറയുന്നുണ്ട്. വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കും ജിഷ്ണു പ്രണോയ് വാട്‌സാപ്പില്‍ പരാതികള്‍ അയച്ചിരുന്നു.

 

Image result for pambadi-nehru-college-jishnu-pranoy-whatsapp voice msg

സാങ്കേതിക സർവകലാശാലയുടെ ഒരു പരീക്ഷ ഡിസംബര്‍ രണ്ടിന് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് ക്രിസ്തുമസിന് ശേഷമേ ഉണ്ടാകൂ എന്ന് പിന്നീട് അറിയിച്ചു. അതിനിടെ തീരുമാനം വീണ്ടും മാറ്റി ഡിസംബര്‍ 13ന് പരീക്ഷ വെച്ചു. ഇതിനെതിരെ ജിഷ്ണു രംഗത്തെത്തുകയായിരുന്നു. പരീക്ഷ മാറ്റിവയ്ക്കലിനെ ജിഷ്ണു ചോദ്യം ചെയ്തിരുന്നതായി വിദ്യാർഥികൾ മൊഴി നൽകിയിരുന്നു. ഇത് സ്ഥിരീകരിക്കാനാവശ്യമായ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.