കത്തോലിക്ക സഭ വൈദികന്‍ വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിക്കൊപ്പം ഒളിച്ചോടി. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് സണ്‍ഡേസ്‌കൂള്‍ അദ്ധ്യാപിക കൂടിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.

ഭാര്യയെ കാണാനില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് വൈദികനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ആയിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയതെങ്കിലും സഭാ മേലധ്യക്ഷന്മാരുടെ സമ്മര്‍ദം മൂലം സംഭവം പുറത്താരും അറിഞ്ഞില്ല.

ഫാ.സോണി കോളേജ് അദ്ധ്യാപകനാണ്. കലാകാരനും ഗായകനുമായ വൈദികന്റെ താല്‍പര്യങ്ങളെ മാനിച്ച് സഭാ നേതൃത്വം ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കാനിരിക്കെയാണ് സംഭവം. സണ്‍ഡേ സ്‌കൂള്‍ അധ്യാപിക ആയതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ലെന്ന് മാത്രമല്ല സോണി കൂടെക്കൂടെ യുവതിയുടെ വീട്ടിലെത്തിയതും സ്വാഭാവികമായിട്ടായിരുന്നു.

പള്ളിക്കുള്ളില്‍ നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ തകര്‍ന്നത് അച്ചനില്‍ വിശ്വാസികള്‍ അര്‍പ്പിച്ച അതിയായ വിശ്വാസമാണ്. മുന്‍പൊരിക്കല്‍ അച്ചനൊപ്പം യുവതിയെ ഒരാള്‍ കണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തയാറായിരുന്നില്ല. വിവരമറിഞ്ഞ ഭര്‍ത്താവ് യുവതിയെ അവരുടെ വീട്ടിലാക്കിയെങ്കിലും വൈദികനൊപ്പം അവര്‍ മുംബൈക്ക് കടക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെടുകയായിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും സോണിയെ വൈദികസ്ഥാനത്ത് നിന്നും പുറത്താക്കാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.