തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.
നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.
പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.
പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.
സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.
Leave a Reply