നൊബേല്‍ ജേതാവിന് യാത്രച്ചെലവ് നല്‍കാതെ കേരള സര്‍വകലാശാല. രസതന്ത്ര നൊബേല്‍ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കല്‍ ലെവിറ്റിനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ ക്ഷണപ്രകാരം കേരളത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് മൈക്കല്‍ ലെവിറ്റ് എന്നാല്‍ അദ്ദേഹത്തിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയ്ക്ക് നല്‍കാനായില്ല.
യുഎസില്‍ നിന്നു സ്വന്തം പണം മുടക്കി കേരളത്തില്‍ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നല്‍കേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കി. ബാക്കി തുകയാണ് നല്‍കാനുള്ളത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബറില്‍ പണം അനുവദിച്ചെങ്കിലും കൈമാറുന്ന നടപടി സര്‍വകലാശാലയിലെ ചുവപ്പു നാടയില്‍ കുരുങ്ങി. 2013 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തില്‍ കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം കുമരകത്തു വേമ്പനാട് കായലില്‍ വഞ്ചിവീട് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരില്‍ തടഞ്ഞതു വലിയ വിവാദമായിരുന്നു.
Leave a Reply