വംശീയവിദ്വേഷത്തിന്റെ പേരിൽ അക്രമി റെയിൽവേ ട്രാക്കിലേക്കു തള്ളിയിട്ട ഏഷ്യക്കാരനെ സമയോചിതമായി ട്രെയിൻ നിർത്തി തലനാരിഴയ്ക്കു രക്ഷപ്പെടുത്തി മലയാളി ടോബിൻ മഠത്തിൽ. ന്യൂയോർക്ക് സബ്‍വേയിലെ 21 സ്ട്രീറ്റ്–ക്യൂൻസ്ബെർഗ് സ്റ്റേഷനിലാണു സംഭവം. ട്രാക്കിലേക്കു വീണയാളുടെ 9 മീറ്റർ അടുത്താണ് ട്രെയിൻ നിന്നത്.

‘‘പ്ലാറ്റ്ഫോമിൽ ആളുകൾ കൈവീശുന്നതു കണ്ടിരുന്നു. ഒരാൾ ട്രാക്കിൽ വീണു കിടക്കുന്നതും. ഉടൻ എൻജിൻ എമർജൻസി മോഡിലേക്കു മാറ്റി ബ്രേക്ക് ചെയ്തു. തൊട്ടുതൊട്ടില്ല എന്ന നിലയിലാണ് ട്രെയിൻ നിന്നത്. ഒരു ജീവൻ രക്ഷിക്കാനായി. ഭാഗ്യം’’– ന്യൂയോർക്കിൽനിന്ന് ടോബിൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിനിൽനിന്നിറങ്ങി, ചോരയൊലിപ്പിച്ചു കിടന്നയാളുടെ അടുത്തെത്തിയ ടോബിൻ സബ്‍വേ കൺട്രോളിൽ വിവരമറിയിച്ചു.

‘‘പ്ലാറ്റ്ഫോമിലുണ്ടായിരുന്നവരും സഹായിക്കുന്നുണ്ടായിരുന്നു’’ – ടോബിൻ പറഞ്ഞു. 2 വർഷമായി ന്യൂയോർക്ക് സബ്‍വേയിൽ ട്രെയിൻ ഓപ്പറേറ്ററായ ടോബിൻ(29) , തിരുവല്ല മാന്നാർ കടപ്ര സ്വദേശി ഫിലിപ് മഠത്തിൽ – അന്ന ദമ്പതികളുടെ മകനാണ്. 30 വർഷമായി യുഎസിലുള്ള ഫിലിപ് ന്യൂയോർക്ക് ക്വീൻസിലാണ് താമസം. അക്രമത്തിനിരയായയാൾ ചൈനീസ് വംശജനാണെന്ന് സംശയമുണ്ട്. ഇയാൾ ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു. അക്രമിയെ തിരയുകയാണ്. ന്യൂയോർക്ക് സബ്‍വേയിൽ ഇത്തരം കുറ്റകൃത്യങ്ങൾ പതിവാണ്.

കോവിഡ് വന്നതിനു ശേഷം ഏഷ്യൻ വംശജർക്കു നേരെയുള്ള വിദ്വേഷാക്രമണങ്ങൾ യുഎസിൽ വർധിക്കുകയാണ്. ഇതു തടയാനുള്ള നിയമത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.