നാഗ്പൂരിൽ മലയാളി യുവാവിന്റെ ദൂരൂഹ മരണത്തിൽ ഭാര്യയ്ക്ക് പങ്കുള്ളതായി സൂചന. പാലക്കാട്ടുകാരിയായ യുവതിയെ തേടി മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങി. കായംകുളം സ്വദേശി നിതിൻ നായരുടെ മരണം കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തിലാണ് വ്യക്തമായത്.
മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻനായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്.
എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്. സ്വാതിയും കുടുംബവും ഒളിവിലാണ്. മഹാരാഷ്ട്ര പൊലീസ് പാലക്കാട്ടെത്തിയെങ്കിലും സ്വാതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. അതിനിടെ സ്വാതിക്ക് മറ്റൊരു യുവാവുമായും ബന്ധമുണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനേട് പറഞ്ഞു.
Leave a Reply