കോട്ടയം: കെവിന്‍ കൊലക്കേസില്‍ കുറ്റം ചുമത്തുന്നത് സംബന്ധിച്ച പ്രാഥമികവാദത്തിന്റെ ഉത്തരവ് ഇന്ന്. കോട്ടയം സെഷന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. കെവിനെ മനപൂര്‍വ്വം കൊലപ്പെടുത്തിയതെല്ലെന്നാണ് പ്രതിഭാഗം കോടതിയില്‍ അറിയിച്ചിരിക്കുന്നത്. കെവിനെ പുഴയിലേക്ക് തള്ളിയിട്ടതിന് തെളിവില്ലെന്നും ഈ സാഹചര്യത്തില്‍ കൊലപാതക കുറ്റം ഒഴിവാക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകളാണ് 14 പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നു. കെവിന്‍ കൊല്ലപ്പെടണമെന്ന് പ്രതികള്‍ നേരത്തെ തീരുമാനിച്ചിരുന്നതായും പോലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിന്‍ തോമസിനെ ഭാര്യാസഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് ചാര്‍ജ് ഷീറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കെവിന്റെ ഭാര്യാ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുഴയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
സുപ്രീം കോടതി നിര്‍ദേശിച്ച ദുരഭിമാനക്കൊല മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തി കെവിന്റെ വധം വേഗത്തില്‍ തീര്‍പ്പാക്കുമെന്ന് നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക വാദം ഇരുപത്തിരണ്ടിന് തുടരും. കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യയുടെ സഹോദരന്‍ ഷാനു, അച്ഛന്‍ ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിലുള്ളത്.
Leave a Reply