ഏറ്റവും മികച്ച രീതിയിൽ ഫിഫ ലോകകപ്പ് സംഘടിപ്പിച്ച ഖത്തറിനെ പുകഴ്ത്തി ഇം​ഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. ഓരോ ഫുട്ബോൾ ടൂർണമെന്റും ഇനി മിഡിൽ ഈസ്റ്റിൽ ആവട്ടെയെന്നും ആരാധകരുടെ അനുഭവം അവിസ്മരണീയമായിരിക്കുമെന്നും പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു. കഴിഞ്ഞ യൂറോ കപ്പിന് വേദിയൊരുക്കിയപ്പോൾ ഇം​ഗ്ലണ്ടിലുണ്ടായ അനിഷ്ട സംഭവങ്ങളെ കൂടെ പരാമർശിച്ചാണ് കെ പിയുടെ ട്വീറ്റ്. ഹൂളി​ഗൻസ് ഇല്ലാത്ത് ടൂർണമെന്റാണ് ഖത്തറിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ യൂറോ കപ്പിൽ ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള ഫൈനൽ കഴിഞ്ഞതോടെ അക്ഷരാര്‍ഥത്തില്‍ യുദ്ധക്കളമാവുകയായിരുന്നു ലണ്ടന്‍ നഗരം. ആരാധകരുടെ ഏറ്റുമുട്ടല്‍ മുതല്‍ കുപ്പിയേറും പൊതുമുതല്‍ നശിപ്പിക്കലും വര്‍ണവെറിയും വരെ നടന്നു. യൂറോ ഫൈനല്‍ ദിനത്തെ അക്രമസംഭവങ്ങളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ, ലോകകപ്പിനായി ഖത്തറില്‍ എത്തിയ ഒരു ഇംഗ്ലണ്ട് ആരാധകന്‍ പോലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് യുകെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഖത്തറില്‍ ത്രീ ലയണ്‍സ് ആരാധകരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തെ യുകെ ഫുട്ബോൾ പൊലീസിംഗ് യൂണിറ്റ് മേധാവി ചെഷയർ ചീഫ് കോൺസ്റ്റബിൾ മാർക്ക് റോബർട്ട്സ് പുകഴ്ത്തി. ലോകകപ്പുകളുടെ ചരിത്രത്തില്‍ ബ്രിട്ടീഷ് പൗരന്മാരാരും അറസ്റ്റിലാകാത്തത് ഇതാദ്യമാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിനെ കൂടാതെ വെയ്ല്‍സ് ആരാധകരാരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഖത്തറിലെ ഞങ്ങളുടെ മൂന്ന് ഗ്രൂപ്പ് ഗെയിമുകൾക്കായി ഇംഗ്ലണ്ടില്‍ നിന്നും വെയ്ല്‍സില്‍ നിന്നുമായി 3,000 ആരാധകരാണ് രാജ്യത്ത് നിന്ന് പോയത്.

നോക്കൗട്ടിലെ ഇംഗ്ലണ്ടിന്‍റെ മത്സരങ്ങള്‍ക്കായി 3,500 പേരും ഖത്തറിലേക്ക് പറന്നു. ഖത്തറിലെ മദ്യവിൽപ്പന സംബന്ധിച്ച കർശനമായ നിയമങ്ങളാണ് അറസ്റ്റുകള്‍ ഉണ്ടാവാത്തതിന് കാരണമെന്നാണ് റോബർട്ട്സ് പറയുന്നത്. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്ന് പൂര്‍ണമായി പറയാനാവില്ല. പക്ഷേ ഇത് ഒരു പരിധിവരെ സഹായിച്ചിട്ടുണ്ടെന്ന് കരുതുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018ല്‍ റഷ്യയില്‍ മൂന്ന് അറസ്റ്റുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ബ്രിട്ടീഷ് പൗരന്മാരെ സുരക്ഷിതമായി നിലനിർത്താൻ സഹായിച്ചതിന് ഖത്തറിലേക്ക് യാത്ര ചെയ്ത എല്ലാ യുകെ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും റോബര്‍ട്ട്സ് പറഞ്ഞു. ഖത്തറില്‍ മദ്യത്തിനുള്ള നിയന്ത്രണങ്ങളാണ് മികച്ച പെരുമാറ്റത്തിന്‍റെ കാരണമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.