കോട്ടയം : രണ്ടാഴ്‌ച മുമ്പുവരെ പിലാത്തറ വീട്ടില്‍ ജോസഫ്‌, കോട്ടയം ചവിട്ടുവരി ജങ്‌ഷനിലുള്ള വര്‍ക്‌ഷോപ്പിലെ മെക്കാനിക്‌ മാത്രമായിരുന്നു. എന്നാല്‍, ഇന്നു സംസ്‌ഥാനമാകെ അറിയുന്ന ഒരു ദുരന്തനായകന്റെ പിതാവാണ്‌…പ്രണയത്തിന്റെ പേരില്‍, പ്രണയിനിയുടെ ബന്ധുക്കളുടെ ജാത്യാഭിമാനത്തിന്റെ പേരില്‍, പ്രാണന്‍ നഷ്‌ടമായ കെവിന്റെ പിതാവ്‌.

എന്നാല്‍, ഇരയുടെ പിതാവ്‌ എന്നതിലുപരി, ഒരുദിവസംപോലും തന്റെ മകനൊപ്പം താമസിക്കാന്‍ ഭാഗ്യമില്ലാതെപോയ യുവതിയെ മരുമകളായി സ്വീകരിച്ച ജോസഫ്‌ കേരളീയസമൂഹത്തിനാകെ മാതൃകയായി. മകന്റെ വിയോഗദുഃഖത്തിനിടയിലും നീനു ചാക്കോയെന്ന അവന്റെ വധുവിനെ, ജോസഫ്‌ മകളെയെന്നപോലെ ചേര്‍ത്തണയ്‌ക്കുന്നതു കണ്ട്‌ വിതുമ്പാത്തവരില്ല.

ടി.വിയിലും പത്രത്താളുകളിലും മാത്രം കണ്ടുപരിചയിച്ച നേതാക്കള്‍ ഓരോരുത്തരായി പിലാത്തറ വീട്ടിലേക്ക്‌, ചെളിനിറഞ്ഞ മണ്‍വഴി താണ്ടിയെത്തിയപ്പോഴും ജോസഫിനു തികഞ്ഞ നിസംഗതയായിരുന്നു. കഴിഞ്ഞ 29-നു കോട്ടയം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിക്കു മുന്നില്‍ മകന്റെ മൃതദേഹത്തിനായി പോരടിച്ചവരും ഇന്നടുത്തില്ല. എങ്കിലും വീട്ടിലെത്തി ആശ്വാസം പകര്‍ന്നവരോടെല്ലാം ജോസഫിനു നന്ദി മാത്രം. രാഷ്‌ട്രീയ-സമുദായനേതാക്കള്‍ക്കൊപ്പം ഫോട്ടോയ്‌ക്കു നിന്നുകൊടുക്കുമ്പോഴും ഈ പിതാവിന്റെ മനസ്‌ മരവിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വന്നവര്‍ക്കെല്ലാം അറിയേണ്ടത്‌ ഒന്നുമാത്രമായിരുന്നു; മകനൊപ്പം ഇറങ്ങിവന്ന നീനുവിന്റെ ഭാവി. അതിനു ജോസഫിന്‌ ഉറച്ച മറുപടിയുണ്ടായിരുന്നു: “അവള്‍ക്കു കെവിന്റെ വീട്ടില്‍ ജീവിച്ചാല്‍ മതി. അവളുടെ ആഗ്രഹം അതാണെങ്കില്‍, അതിനു മാറ്റമില്ല”. നീനുവിന്റെ നിലപാടും മറിച്ചല്ല. “കെവിന്റെ വീട്ടില്‍ ജീവിച്ച്‌, അച്ചാച്ചനെയും അമ്മയേയും കെവിന്റെ പെങ്ങളെയും പൊന്നുപോലെ നോക്കും”.

ആരോഗ്യമുള്ളിടത്തോളം പഠിച്ച പണി ചെയ്‌ത്‌ കുടുംബം പുലര്‍ത്തുമെന്നു ജോസഫ്‌ പറയുന്നു. ഭാര്യയേയും മകളെയും കെവിനെ വിശ്വസിച്ച്‌ ഒപ്പം പോന്ന നീനുവിനെയും പോറ്റണം. വാടകവീട്ടില്‍നിന്നു സ്വന്തമായി ഒരു വീട്ടിലേക്കു മാറണം. അതിനു ചവിട്ടുവരിയിലെ വര്‍ക്‌ഷോപ്പിലേക്കു മടങ്ങിയെത്തിയേ പറ്റൂ.