ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് മഹാമാരി കാരണം ഏകദേശം ഒരു ദശലക്ഷത്തിലധികം കുട്ടികളാണ് കഴിഞ്ഞ ആഴ്ച മാത്രം ഇംഗ്ലണ്ടിൽ സ്കൂളുകളിൽ എത്താതിരുന്നത്. എല്ലാ വിദ്യാർഥികൾക്കുമായി ക്ലാസുകൾ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചതിനുശേഷം ഇത്രയധികം കുട്ടികൾ ക്ലാസുകളിൽ എത്തിച്ചേരാതിരിക്കുന്നത് ആദ്യമായാണെന്ന് സർക്കാരിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻെറ നിർദ്ദേശമനുസരിച്ച് ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നതിനെ തുടർന്നാണ് പലർക്കും ക്ലാസുകളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്നത്. എൻ എച്ച്എസ് കോവിഡ് -19 ആപ്ലിക്കേഷൻ നിർദ്ദേശം അനുസരിച്ച് ഒറ്റപ്പെടാൻ നിയമപരമായ ബാധ്യതയില്ല. പക്ഷെ ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കുന്ന നിർദേശം ‘ഉടൻ സ്വയം ഒറ്റപ്പെടണം’ എന്നാണ്.

യുകെയിൽ തന്നെ 47, 200 സ്കൂൾ കുട്ടികൾക്ക് കോവിഡ്-19 ബാധിച്ചതായാണ് റിപ്പോർട്ട് . കൂടാതെ 34 ,500 കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി സംശയിക്കപ്പെടുന്നുമുണ്ട്. 773,700 കുട്ടികൾ ഒറ്റപ്പെടലിന് വിധേയരായി തീർന്നത് സ്കൂളുകളിൽ നിന്ന് തന്നെയുള്ള കോവിഡ്-19 സമ്പർക്ക പട്ടികയിൽ പെട്ടതിനാലാണ് . എന്നാൽ 160, 300 കുട്ടികളിൽ ഒറ്റപ്പെടലിന് വിധേയരാകേണ്ടി വന്നത് സ്കൂളുകൾക്ക് പുറത്ത് കോവിഡ് -19 രോഗികളുമായി സമ്പർക്ക പട്ടികയിൽ വന്നതിനാലാണ് . കോവിഡ് മഹാമാരി ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിച്ച മേഖലകളിലൊന്നാണ് വിദ്യാഭ്യാസം. വളരുന്ന തലമുറയുടെ വിദ്യാഭ്യാസ കാര്യത്തിലുള്ള പുരോഗതിയെ കോവിഡ് എത്രമാത്രം ബാധിച്ചു എന്നതിന് ഇപ്പഴും കൃത്യമായ പഠനങ്ങൾ നടന്നിട്ടില്ല. ലോകമെങ്ങുമുള്ള വിദ്യാർഥികളുടെ നൂറുകണക്കിന് അധ്യയന ദിനങ്ങളാണ് കോവിഡ് മൂലം നഷ്ടമായിരിക്കുന്നത്.