ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് രാജ പദവി ഏറ്റെടുത്ത ചാൾസ് മൂന്നാമൻ ഒദ്യോഗികമായി രാജ്യത്തെ അഭിസംബോധന ചെയ്‌തു. തൻെറ അമ്മ ജനങ്ങൾക്ക് വേണ്ടി ആജീവനാന്തം പ്രയത്നിച്ചതു പോലെത്തന്നെ താനും പ്രവർത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഷേക്‌സ്പിയറിൻെറ പ്രശസ്‌ത കൃതികളിൽ ഒന്നായ ഹാംലെറ്റിൽ നിന്നുള്ള വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തൻെറ പ്രസംഗം ഉപസംഹരിച്ചത്.
രാജാവ് തൻെറ മകനായ വില്യം രാജകുമാരന് പ്രിൻസ് ഓഫ് വെയിൽസ് പദവി നൽകി. ഇനി വില്യംമിന്റെ ഭാര്യ കാതറിനായിരിക്കും പ്രിൻസസ് ഓഫ് വെയിൽസ്. ഡയാന രാജകുമാരിക്ക് ശേഷം ഈ പദവി ലഭിക്കുന്ന ആദ്യ ആളാണ് കാതറിൻ. ഡയാന രാജകുമാരി താൻ ആരാധനയോടെ നോക്കുന്ന വ്യക്തിത്വങ്ങളിൽ ഒരാൾ ആണെന്നും അവർ എന്നും തൻെറ ജീവിതത്തിലെ വഴികാട്ടിയായിരിക്കുമെന്നും കാതറിൻ നേരത്തെ പറഞ്ഞിരുന്നു. തൻറെ ഇളയ മകനായ ഹാരി രാജകുമാരനെയും ഭാര്യ മേഗനേയും അദ്ദേഹം തൻെറ പ്രസംഗത്തിൽ പരാമർശിച്ചു.
ക്യൂൻ കൺസേർട്ട് ആയ കമീലയോടൊപ്പം കൊട്ടാരത്തിന് പുറത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ലണ്ടനിലെ സെൻറ് പോൾസ് കത്തീഡ്രലിൽ രാജ്ഞിയുടെ വേർപാടിനെ തുടർന്നുള്ള പ്രാർത്ഥനയും ധ്യാന ശുശ്രൂഷയും നടന്നു. തന്റെ 96- ആം വയസ്സിൽ ബാൽമോറൽ കൊട്ടാരത്തിൽ ഈ വ്യാഴാഴ്ചയായിരുന്നു രാജ്ഞി ലോകത്തോട് വിട പറഞ്ഞത്.
Leave a Reply