ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: തെലുങ്ക് ചിത്രം വീരസിംഹറെഡ്‌ഡിയുടെ പ്രദർശനത്തിൽ ആരാധകർ പരിധി വിട്ടപ്പോൾ പോലീസ് ഇടപെട്ട് ചിത്രത്തിൻെറ പ്രദർശനം ഇടയ്ക്ക് വച്ച് നിർത്തി . താരാരാധന മൂത്ത് ഡാൻസ് ചെയ്ത് പേപ്പറുകൾ കീറിയെറിഞ്ഞത് കുടുബസമേതം സിനിമ കാണാൻ എത്തിയ ഒട്ടേറെ പ്രേക്ഷകർക്കും ശല്യമായി തീർന്നു . ഹാറ്റ്ഫീൽഡിലെ ഓഡിയോൺ തീയറ്ററിലാണ് സംഭവം. പ്രശ്നങ്ങളെ തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ച് ആളുകളോട് തീയറ്റർ വിടാൻ പോലീസ് ആവശ്യപ്പെടുകയായിരുന്നു. നന്ദമുരി ബാലകൃഷ്ണ പ്രധാന വേഷത്തിൽ അഭിനയിച്ച സിനിമയിൽ മലയാളികളായ ഹണിറോസും ലാലും ഉൾപ്പെടെയുള്ള വൻതാരനിര ആണുള്ളത്. സിനിമ റിലീസ് ദിനത്തിൽ താരാരാധനയുടെ ഭാഗമായി ഇന്ത്യയിലെ തീയേറ്ററുകളിൽ ഫാൻസ് അസോസിയേഷനുകളുടെ പേക്കൂത്തുകൾ സർവ്വസാധാരണമാണ്.

മറ്റുള്ളവർക്ക് ശല്യമായി തീരുന്ന ഫാൻസ് അസോസിയേഷനുകളുടെ അമിതമായ പ്രകടനമാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ പോലീസിനെ പ്രേരിപ്പിച്ചത്. ഇന്ത്യൻ ചിത്രങ്ങൾക്ക് പൊതുവെ യുകെയിൽ കാഴ്ച്ചക്കാർ ഏറെയാണ്. എന്നാൽ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാണികളുടെ പെരുമാറ്റം എല്ലാ പരിധിയും വിട്ട് നിയന്ത്രണാധീതമാവുകയായിരുന്നു. കടലാസ് കീറി എറിഞ്ഞ് മാലിന്യങ്ങൾ സൃഷ്ടിക്കുന്നതും പൊതുസ്ഥലങ്ങൾ വൃത്തികേടാക്കുന്നതും യുകെയിലെ നിയമമനുസരിച്ച് കടുത്ത ശിക്ഷ വിളിച്ചുവരുത്തുന്നവയാണ്.

മലയാളി സമാജങ്ങളുടെ ആഘോഷവേദികളും പലപ്പോഴും പരിധി വിടുന്നതായുള്ള ആക്ഷേപം ശക്തമാണ് . പലരും അച്ചടക്കമില്ലാതെ നിക്ഷേപിക്കുന്ന പേപ്പർ വേസ്റ്റുകൾ നീക്കം ചെയ്യേണ്ടത് ആഘോഷങ്ങൾക്കാവസാനം സംഘാടകർക്ക് വൻ ബാധ്യതയായി തീരുകയാണ് ചെയ്യുന്നത്. പൊതുവേ ഇത്തരം സംഭവങ്ങൾ ഇംഗ്ലീഷുകാർ ഉൾപ്പെടെയുള്ള അതിഥികളുടെ ഇടയിൽ മലയാളികളുടെ മാനം കളയുന്ന രീതിയിലേക്ക് മാറാറുണ്ട്. പലപ്പോഴും അവസാനം ഹാൾ വൃത്തിയാക്കുന്ന ഘട്ടത്തിൽ ഇംഗ്ലീഷുകാരായിട്ടുള്ള അതിഥികൾ സംഘാടകരെ സഹായിക്കുന്നതും നിത്യ കാഴ്ചയാണ്. ആഘോഷങ്ങൾ ആകാം അത് പക്ഷേ പരിധിവിടുകയും മറ്റുള്ളവർക്ക് ശല്യമായി തീരുകയും ചെയ്യരുത്.