ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ വൈറ്റ്‌ഹാളിലെ സെനോട്ടാഫ് സ്മാരകത്തിന് മുന്നിൽ നടന്ന റിമെംബറാൻസ് സൺഡേ ചടങ്ങിൽ ചാൾസ് രാജാവിന്റെ നേതൃത്യത്തിൽ രാജ്യം മുഴുവൻ രണ്ട് മിനിറ്റ് മൗനം പാലിച്ചു. രാജ്ഞി കമില്ല, വെയിൽസിന്റെ രാജകുമാരി കേറ്റ്, രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി കീർ സ്റ്റാർമർ, മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസൺ, റിഷി സുനാക് എന്നിവർ അടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാജ്ഞിയും വെയിൽസിന്റെ രാജകുമാരിയും വിദേശകാര്യ ഓഫീസിൻ്റെ ബാൽക്കണിയിൽ നിന്ന് ചടങ്ങ് നിരീക്ഷിച്ചു.

സെക്കൻഡ് വേൾഡ് വാറിൽ പങ്കെടുത്ത ഇരുപതോളം യുദ്ധവീരന്മാർ ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായി. 101 വയസുള്ള സിഡ് മാച്ചിൻ അടക്കം യുദ്ധത്തിൽ പങ്കെടുത്തവർക്ക് നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരണം നൽകിയത് . “ഞങ്ങൾ ഇന്നും ജീവിച്ചിരിക്കുന്നതിനു പിന്നിൽ അവർ നൽകിയ ത്യാഗമാണ്” എന്ന് 101 വയസ്സുകാരനായ ഡോണാൾഡ് പൂൾ ഓർമ്മിച്ചു. അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പലരും യുദ്ധത്തിൽ വീരമൃത്യു വരിച്ചതായി കണ്ണുനീരോടെ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് മുൻ സൈനികർ വിവിധ സ്ഥലങ്ങളിൽ പരേഡിൽ പങ്കെടുത്തു. വെയിൽസിന്റെ രാജകുമാരൻ ബ്രസീലിൽ നടന്ന COP30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതിനാൽ രാജകുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനായില്ല . ബ്രിട്ടീഷ് ലീജിയന്റെ പാട്രൺ ആയി കഴിഞ്ഞ വർഷം രാജാവ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. “അവരുടെ ധൈര്യവും ത്യാഗവും എന്നും നമ്മുടെ ഓർമ്മയിൽ നിലനിൽക്കും,” എന്ന് പ്രതിരോധ സേനാമേധാവി എയർ ചീഫ് മാർഷൽ റിച്ചാർഡ് നൈറ്റൺ പറഞ്ഞു.











Leave a Reply