ന്യൂസ് ഡെസ്ക്, മലയാളം യുകെ
കറികളുടെ രാജാവ് എന്നെ അറിയപ്പെട്ടിരുന്ന ഷബീർ ഹുസൈൻ അന്തരിച്ചു. യുകെയിൽ ഉടനീളം ഇന്ത്യൻ റസ്റ്റോറന്റുകൾ സ്ഥാപിച്ച അദ്ദേഹത്തിന് 56 വയസ്സായിരുന്നു പ്രായം. അദ്ദേഹം സ്ഥാപിച്ച ഹോട്ടൽ ശൃംഖലയായ അക്ബർസ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെയാണ് ഷബീർ ഹുസൈൻ്റെ മരണം അറിയിച്ചത്.
1995 -ൽ ബ്രാഡ്ഫോർഡിൽ 28 സീറ്റുള്ള ഒരു റസ്റ്റോറന്റുമായാണ് ഷബീർ ഹുസൈൻ രുചികളുടെ ലോകത്തെ ജൈത്രയാത്ര ആരംഭിച്ചത്. ലീഡ്‌സ്, ഷെഫീൽഡ്, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ഗ്ലാസ്‌ഗോ, ബർമിംഗ്ഹാം എന്നിവയുൾപ്പെടെ സ്ഥലങ്ങളിൽ പിന്നീട് റസ്റ്റോറന്റുകൾ ആരംഭിച്ചു . ഇന്ത്യൻ ഭക്ഷണ ലോകത്തെ കുലപതി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
നിരവധി പേരാണ് ഷബീർ ഹുസൈൻ്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. അത്ഭുതകരമായി രുചിയുടെ ലോകം സൃഷ്ടിക്കാൻ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നാണ് ഏഷ്യൻ സ്റ്റാൻഡേർഡിൻ്റെ എഡിറ്റർ ഫാത്തിമ പട്ടേൽ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് ബ്രാർഡ് ഫോർഡ് എംപിയും ലേബർ പാർട്ടി നേതാവുമായ നാസ്ഷാ പറഞ്ഞു. ഇന്ന് വ്യാപകമായി പ്രചാരത്തിലുള്ള നാൻ ട്രീ ഭക്ഷ്യവിപണിയിൽ കൊണ്ടുവന്നത് താനാണെന്ന് ഷബീർ ഹുസൈൻ പറഞ്ഞിരുന്നു. ഇന്ന് വ്യാപക പ്രചാരം നേടിയ നാൻ ട്രീയുടെ പേറ്റന്റ് എടുക്കാൻ സാധിക്കാതിരുന്നതിന്റെ വിഷമം പലപ്പോഴും അദ്ദേഹം പങ്കുവെച്ചിരുന്നു. ഷബീർ ഹുസൈൻ്റെ അകാലത്തിലുള്ള വേർപാടിനെ തുടർന്ന് അക്ബർസ് ഗ്രൂപ്പിൻറെ റസ്റ്റോറന്റുകൾ വെള്ളിയാഴ്ച വൈകുന്നേരം 5 മണി വരെ അടച്ചിടും.
Leave a Reply