ഷിബു മാത്യൂ

സീറോ മലബാർ സഭ മേലധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ തുടർന്ന് കൊണ്ടിരിക്കുന്ന സൈബർ ആക്രമണങ്ങൾ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ബിജെപിയുമായി സംഘം ചേർന്ന് മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയെയും സമൂഹത്തെയും ഒറ്റുകൊടുക്കുന്നു എന്നാണ് വിമർശകർ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിന് തെളിവായി ഇപ്പോൾ ഒരു ഫോട്ടോയും ഉയർത്തികാണിക്കുന്നു. സംഘപരിവാർ കേന്ദ്രങ്ങളുമായി ആലഞ്ചേരി പിതാവ് ബന്ധപ്പെടുന്നു എന്ന് ഒരുകൂട്ടം ആളുകൾ വിമർശനമായി ഉന്നയിക്കുമ്പോൾ, അതിന്റെ യഥാർത്ഥ വശം മറയ്ക്കപ്പെടുകയാണ് എന്ന് പറയാതെ വയ്യ.

ബിജെപി നേതാവ് ആലഞ്ചേരി പിതാവിന്റെ കയ്യിൽ രാഖി കെട്ടികൊടുക്കുന്ന ചിത്രങ്ങൾ യഥാർത്ഥത്തിൽ അഞ്ച് വർഷങ്ങൾക്ക് മുൻപുള്ളതാണ്. അതിഥിയായിട്ടെത്തുന്നവർ അവരുടേതായ സംസ്കാരത്തിലുള്ള ആചാരമര്യാദകൾ കാണിക്കുന്നത് സ്വാഭാവികമാണ്. അതിഥിയായി എത്തുന്നവർ ആരുതന്നെയായാലും അവരെ അധിക്ഷേപിക്കുന്ന പാരമ്പര്യം സഭയ്ക്കോ, സഭാതലവനോ ഇല്ല. ഈ ചിത്രത്തിൻ്റെ പിന്നിലും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത്. ഈ വസ്തുത മറച്ചു വെച്ചു കൊണ്ടാണ് മുഖ്യധാര മാധ്യമങ്ങളും, വിമർശകരും സീറോ മലബാർ സഭയെ ക്രൂശിക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്നുള്ളതാണ് വസ്തുത. സഭാ നേതൃത്വത്തെ ആക്രമിക്കുന്നതിലൂടെ ഇവർ പൂർണമായും ലക്ഷ്യമിടുന്നത് സീറോ മലബാർ സഭയെയും, സഭാ മക്കളെയും ആണെന്നുള്ളത് പകൽ പോലെ വ്യക്തമാണ്. ഈ സഭ വ്യാജ പ്രചരണങ്ങൾക്കും സംഘടിത ശക്തികൾക്കും മുൻപിൽ അടിയറവ് പറഞ്ഞ് പാരമ്പര്യമുള്ളതല്ല. വിശ്വാസികളായ അനേകായിരം മനുഷ്യരുടെ വിയർപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാണിത്. അതിനെ ചില വ്യാജ പ്രചരണം മുഖേനെ കുത്തി നോവിക്കാൻ മലങ്കര സഭാ മക്കൾ സമ്മതിക്കില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിവന്ദ്യ പിതാവ് പുകഴ്ത്തി സംസാരിച്ചു എന്നതും മറ്റൊരു വ്യാജ പ്രചരണമാണ്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രധാന പദവിയിൽ ഇരിക്കുന്ന ഒരു വ്യക്തിയെ കുറിച്ച് നല്ല വാക്കുകൾ പറയുന്നതിൽ എന്താണ് തെറ്റ്? ഇതെല്ലാം മാനുഷികമായ കാര്യങ്ങൾ ആണെന്നുള്ളത് മറന്ന് പോകരുത്. സഭയെ താറടിച്ചു കാണിക്കുവാൻ ചില വ്യക്തികളുടെ താല്പര്യമാണ് ഈ വിഷയത്തെ മോശമായി അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ന്യൂനപക്ഷത്തിൻ്റെ ആകുലതകൾ സീറോ മലബാർ സഭയ്ക്കുണ്ട് എന്നതാണ് ശരി. നന്മ തിന്മകളെ ചൂണ്ടിക്കാണിക്കാൻ ലഭ്യമാകുന്ന അവസരങ്ങൾ അതിനനുസരിച്ച് ഉപയോഗിക്കുക എന്നത് പ്രധാനമാണ്. അതാണ് ആലഞ്ചേരി പിതാവ് ഉപയോഗിച്ചത്. അതിന് ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് ചെയ്യണമെന്ന സ്വരം ഇല്ല.

ഈ സഭ വ്യക്തികളുടെ മേൽ അല്ല പടുത്തുയർത്തിയിരിക്കുന്നത്. സഭാ മക്കൾ സഭയെ അകമഴിഞ്ഞാണ് സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വ്യാജ പ്രചരണങ്ങൾ സഭാ മക്കളിൽ സങ്കടമുണ്ടാക്കും എന്നുള്ളത് പറയാതെ വയ്യ. ബിജെപി എന്നല്ല കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതൃത്വവുമായി സഭയ്ക്ക് സ്നേഹബന്ധം ഉണ്ട്. അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അല്ല. മറിച്ച് മാനവികതയിൽ അടിയുറച്ചുകൊണ്ടാണ്. സാമൂഹിക വിഷയങ്ങളിൽ മുൻപും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സഭയാണ് സീറോ മലബാർ സമൂഹം. അത്തരം സാഹചര്യങ്ങളിലൊക്കെ കൊടിയുടെ നിറം നോക്കാതെ ഈ സഭ നിലപാട് എടുത്തിട്ടുമുണ്ട്. അത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും. വിശ്വാസസമൂഹത്തിന്റെ പിന്തുണ സഭയ്ക്കും, നേതൃത്വത്തിനുമൊപ്പം തന്നെയാണ്.