ലണ്ടന്‍: ഏഴ് വര്‍ഷമായി നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കും മുടങ്ങിയിരുന്ന ശമ്പളവര്‍ദ്ധനക്ക് കാരണമായ പബ്ലിക് സെക്ടര്‍ പേയ് നിയന്ത്രണം എടുത്തു കളയാന്‍ എപിമാര്‍ വോട്ട് ചെയ്യും. ക്വീന്‍സ് സ്പീച്ചില്‍ പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചക്കിടെയായിരിക്കും ഈ വിഷയവും വരിക. ഭീരിപക്ഷം എംപിമാരും ശമ്പളം വെട്ടിക്കുറയ്ക്കുന്ന നയത്തിനെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. വര്‍ഷങ്ങളായി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു വരുന്ന നഴ്‌സുമാര്‍ക്കും അധ്യാപകര്‍ക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക.

ഓസ്‌റ്റെരിറ്റി നയം തുടരുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് കരുതുന്നത്. 2010ല്‍ അന്നത്തെ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ ആണ് ചെലവുചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചത്. ഇതില്‍ ശമ്പള വര്‍ദ്ധന മരവിപ്പിച്ചിരിക്കുകയാണ്. എമര്‍ജന്‍സി സേവനങ്ങളിലും പൊതുമേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് ന്യായമായ ശമ്പളം നല്‍കണമെന്ന് ലേബര്‍ ഫ്രണ്ട് ബെഞ്ച് എംപിമാര്‍ ആവശ്യപ്പെടുന്നു. അധ്യാപകര്‍, ഡോക്ടര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടും.

2020 വരെയാണ് ശമ്പളവര്‍ദ്ധനവ് നിരോധിച്ചിരിക്കുന്നത്. ഇത് ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വരുത്തിവെച്ച ദുരിതങ്ങള്‍ കുറച്ചൊന്നുമല്ലെന്ന് യൂണിയനുകള്‍ പറയുന്നു. വാര്‍ഷിക ശമ്പള വര്‍ദ്ധന 1 ശതമാനം മാത്രമാക്കി ചുരുക്കിയതോടെ നഴ്‌സുമാരുടെ ശമ്പളത്തില്‍ 14 ശതമാനം കുറവാണ് ഉണ്ടായത്. ഇതില്‍ പ്രതിഷേധിച്ച് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രകടനങ്ങള്‍ നടത്തി.