തിരുവനന്തപുരം: അരനൂറ്റാണ്ടിലെ സംസ്ഥാന രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്കു വാതില്‍ തുറന്ന് കെ.എം. മാണിയുടെ ആത്മകഥ വരുന്നു. പൊട്ടിത്തെറികള്‍ക്കു കാരണമാകുമെന്നതിനാല്‍ തല്‍ക്കാലത്തേക്കു പരസ്യപ്പെടുത്തേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരുന്ന കാര്യങ്ങളും ഉള്ളടക്കത്തിലുണ്ടാകും. ബാര്‍ കോഴ വിവാദത്തോടെ സംഭവബഹുലമായിരുന്ന അവസാന വര്‍ഷങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പുതിയ സാഹചര്യത്തില്‍ സ്‌ഫോടനാത്മകമായേക്കും.
രാഷ്ട്രീയപ്രവേശനം മുതലുള്ള അനുഭവങ്ങള്‍ രേഖപ്പെടുത്തിവച്ചിരുന്നതു പരിഷ്‌കരിച്ചാണ് അദ്ദേഹം ആത്മഥാരൂപം നല്‍കിയത്. മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് തയാറാക്കിയ കരടുരൂപം പിന്നീടു പലതവണ വായിച്ചുതിരുത്തുകയും അടുപ്പമുള്ള പ്രഗത്ഭരുമായി ചര്‍ച്ച ചെയ്ത് മാറ്റിയെഴുതുകയും ചെയ്തിരുന്നു. പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധത എം.പി. വീരേന്ദ്രകുമാര്‍ അറിയിച്ചതുമാണ്. എന്നാല്‍ അതു യാഥാര്‍ഥ്യമാകുന്നതിനു മുമ്പ് ഇരുവരും നിര്യാതരായി. പിന്നീട് എം.എല്‍.എ. ഹോസ്റ്റലില്‍നിന്ന് മാണിയുടെ സാധനങ്ങള്‍ മാറ്റുമ്പോള്‍ ലഭിച്ച െകെയെഴുത്തുപ്രതിയിലാണ് അച്ചടിമഷി പുരളാന്‍ പോകുന്നത്. 500 പേജ് വരുന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി െകെയെഴുത്തുപ്രതി െകെമാറിയെന്നാണു വിവരം.
രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ തുറന്നുപറച്ചിലുകള്‍ വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കും. രണ്ട് അധ്യായങ്ങള്‍ പി.ജെ. ജോസഫിനെ കേന്ദ്രീകരിച്ചാണ്. കോണ്‍ഗ്രസ് നേതാക്കന്മാരില്‍നിന്നും കൂടെയുണ്ടായിരുന്ന മറ്റുള്ളവരില്‍നിന്നും തനിക്കു പലപ്പോഴായുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ടെന്നാണു വിവരം. കോണ്‍ഗ്രസ് നേതാക്കളുടെ ചതിയുടെ ബാക്കിപത്രമെന്ന് അവസാനകാലത്തു കെ.എം. മാണി വിശേഷിപ്പിച്ച ബാര്‍ കോഴ വിവാദത്തിന്റേതടക്കം പിന്നാമ്പുറങ്ങള്‍ ഇതിലൂടെ പുറത്തുവരും.
Leave a Reply