കൊച്ചി: കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയില്‍ പട്ടാപ്പകലുണ്ടായ വെടിവെപ്പ് കേസ് അന്വേഷണം വഴിമുട്ടുന്നു. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയായിരുന്നു സിനിമാ താരമായ ലീന മരിയ പോളിന്റെ കൊച്ചി പനമ്പളളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറില്‍ രണ്ടംഗ സംഘം വെടിവെച്ചത്. അധോലോക നേതാവ് രവി പൂജാരിയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍ ലഭിച്ചിരുന്നു. രവി പൂജാരിയില്‍ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതായി ലീന മരിയ പോളും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വെടിവെപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് സംശയമുണ്ട്. ഇതിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇത്രയും ദിവസമായിട്ടും പ്രതികളെക്കുറിച്ച് സൂചന ലഭിക്കാത്തതിന് കാരണമെന്താണെന്ന് പോലീസിന് വ്യക്തമായിട്ടില്ല.
നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മീഷണര്‍ എം.പി. ദിനേശും വിലയിരുത്തും. എന്നാല്‍ ഇത്രയും വലിയ സംഘമുണ്ടായിട്ടും ആയുധമേതെന്നു പോലും സ്ഥിരീകരിക്കാന്‍ ഇനിയും പൊലീസിന് കഴിഞ്ഞിട്ടില്ല.
സാമ്പത്തിക തട്ടിപ്പുകേസുകളിലടക്കം പ്രതിയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ ലീന മരിയ പോളിന് അധോലോക നായകന്‍ രവി പൂജാരിയില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്നെയാണ് ആക്രമണത്തിന് കാരണമായിരിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം. ലീന എന്തെല്ലാമോ മറച്ചു വയ്ക്കുന്നുണ്ടെന്ന സംശയം പൊലീസിനുണ്ട്. ഈ സംശയം ദൂരീകരിക്കാനായി ലീനയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ലീനയ്ക്ക് സ്വകാര്യ സുരക്ഷ ഏര്‍പ്പെടുത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
Leave a Reply