നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത. നെടുമ്പാശേരി അത്താണിക്കു സമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സി കാറിലാണ് നായയെ കെട്ടിവലിച്ചത്. വേഗത്തിൽ പോകുന്ന കാറിന് പിന്നിലാണ് നായയെ കെട്ടി വലിച്ച് കൊടും ക്രൂരത നടന്നത്. വെയിലത്ത് ടാറിട്ട റോഡിലൂടെ കാറിന് പിന്നാലെ നായ ഒാടുന്നതാണ് ദൃശ്യങ്ങൾ. നായയുടെ കഴുത്തിൽ കെട്ടിയ കയർ ഒാടുന്ന കാറുമായും ബന്ധിപ്പിച്ചിട്ടുണ്ട്. നായ തളർന്നു വീണിട്ടും കാർ മുന്നോട്ടുപോകുന്നതും കാണാം. കാർ തടഞ്ഞ ശേഷം യുവാവ് ഡ്രൈവറോട് സംസാരിക്കുന്നതും വിഡിയോയിൽ കാണാം.

‘പട്ടി ചത്താൽ നിനക്ക് എന്താടാ…’ കൺമുന്നിൽ കൊല്ലാക്കൊല നടക്കുന്നത് കണ്ട് ചോദ്യം ചെയ്ത അഖിൽ എന്ന യുവാവിനോട് കാറിനുള്ളിൽ നിന്നും ഇറങ്ങിയ വ്യക്തി പ്രതികരിച്ചത് ഇങ്ങനെയാണ്. ഇതിൽ നിന്നു തന്നെ മനപ്പൂർവം ചെയ്ത പ്രവൃത്തിയാണെന്ന കാര്യം വ്യക്തമാണെന്ന് അഖിൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കാറിനു പിന്നിൽ നായയെ കെട്ടിവലിക്കുന്ന ദൃശ്യങ്ങൾ പിന്നാലെ ബൈക്കിലെത്തിയ അഖിലാണ് ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

ഒരുപാട് നേരം വലിച്ചിഴച്ച നായ തളർന്നു റോഡിൽ വീണിരുന്നു. എന്നിട്ടും ക്രൂരമായ ഡ്രൈവർ കാർ മുന്നോട്ട് ഓടിച്ചു. തളർന്നു വീണ നായയെ റോഡിലൂടെ വലിച്ചഴച്ചതോടെ നായയുടെ ശരീരം മുഴുവൻ പരുക്കേറ്റിരുന്നെന്നും യുവാവ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെ ഡ്രൈവർ നായയെ വഴിയിൽ ഉപേക്ഷിച്ചു പോയെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇത് ഇയാളുടെ വളർത്തുനായ തന്നെയാണെന്ന് അഖിൽ പറയുന്നു. കാറിൽ നായയെ കെട്ടി വലിക്കുന്നത് കണ്ട് റോഡിന്റെ വശത്ത് നിന്ന മറ്റൊരു നായ കാറിന് പിന്നാലെ ഓടുന്നതും വിഡിയോയിൽ കാണാം.

‘മനുഷ്യൻ എന്ന ഏറ്റവും ദയാരഹിതനായ ജീവി. നല്ല സ്പീഡിൽ ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിന്റെ പിറകിൽ ജീവനുള്ള നായയെ കെട്ടിവലിച്ചിഴച്ചു നരകിപ്പിക്കുന്നു. ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അത്താണി പറവൂർ റൂട്ടിൽ ചാലാക്ക മെഡിക്കൽ കോളജിനടുത്ത് വച്ച് നടന്ന സംഭവമാണ്..’. ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സാമൂഹ്യപ്രവര്‍ത്തക അഡ്വ.രശ്മിത രാമചന്ദ്രന്‍ എഴുതിയ കുറിപ്പിൽ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശരീരത്തിലെ പരുക്കിന്റെ വേദനയും ആൾക്കൂട്ടവും കണ്ട് ഭയന്നിരിക്കുന്ന അവസ്ഥയിലാണ് കേരളത്തെ നോവിച്ച വിഡിയോയിലെ ആ നായയെ കണ്ടെത്തുന്നത്. ദയ സംഘടനയുടെ പ്രവർത്തകരും ഈ വിഡിയോ പുറത്തുകൊണ്ടുവന്ന അഖിൽ എന്ന യുവാവും ചേർന്നാണ് കാണാതായ നായയെ കണ്ടെത്തിയത്. റോഡിലൂടെ വലിച്ചിഴച്ചതിലൂടെ നായയുടെ ശരീരം മുഴുവൻ മുറിഞ്ഞ​ിരുന്നു. ഒപ്പം കാലിലെ എല്ലുകൾ കാണാവുന്ന തരത്തിൽ തൊലി അടർ‌ന്നും പോയിരുന്നു. യൂസഫ് എന്ന വ്യക്തിയുടെ നായയാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഇയാളെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ നായ തന്റേതാണെന്നും വീട്ടിൽ ശല്യമായതോടെ കാറിൽ കെട്ടി വലിച്ച് കളയാൻ കൊണ്ടുപോയതാണെന്നും ഇയാൾ സമ്മതിച്ചു. മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാണിച്ചിട്ടും ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്താണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.