മദ്യലഹരിയില്‍ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചെടുത്തു. ബുധനാഴ്ച രാത്രി വൈപ്പിന്‍ ഞാറക്കലിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷ് എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ :

രാത്രി വീടിന് പുറത്തെ ശൗചാലയത്തിലേക്ക് വീട്ടമ്മ കയറിയ സമയം നോക്കി യുവാവ് വൈദ്യുതി വിച്ഛേദിച്ചു. ശൗചാലയത്തില്‍നിന്ന് പുറത്തിറങ്ങിയ വീട്ടമ്മയെ ഇരുട്ടില്‍ നിന്ന് ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു. ചുംബനശ്രമം തടഞ്ഞ വീട്ടമ്മ അയാളുടെ നാവ് കടിച്ചെടുക്കുകയായിരുന്നു. വേദനയില്‍ പുളഞ്ഞ യുവാവ് വീട്ടമ്മയെ തള്ളിയിട്ട് ഓടിമറയുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടി.

അടുത്തദിവസം രാവിലെ വീട്ടമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി. രണ്ട് സെന്റീമീറ്റര്‍ നീളത്തില്‍ നാവിന്റെ ഭാഗവും വീട്ടമ്മ സ്‌റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് നഗരത്തിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

ഇയാളുടെ നാവിന്റെ ശസ്ത്രക്രിയ ഞായറാഴ്ച കഴിഞ്ഞിരുന്നു. മദ്യലഹരിയിലാണ് താന്‍ വീട്ടമ്മയെ കയറിപിടിച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.