വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയിൽ. വിജേഷിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം.
2002-ലാണ് വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവാക്കേണ്ടി വന്നു.
ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.
Leave a Reply